മനുഷ്യനഷ്ടമോ വസ്തുനഷ്ടമോ ഉണ്ടാക്കാതെ തുറസ്സായ സ്ഥലത്താണ് ബുധനാഴ്ച ആക്രമണം നടത്തിയതെന്ന പാകിസ്താന്റെ വാദങ്ങൾ ഇന്ത്യ തെളിവുസഹിതം തള്ളി. എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന പാക് വാദത്തെ, എഫ്-16 വിമാനത്തിൽനിന്ന്‌ തൊടുത്ത അംറാം മിസൈലിന്റെ അവശിഷ്ടങ്ങളടക്കമാണ് ഇന്ത്യ പൊളിച്ചത്.

കരസേന മേജർ ജനറൽ സുരീന്ദർസിങ് മഹാൽ, നാവികസേന റിയർ അഡ്മിറൽ ബൽവീർസിങ് ഗുജ്‌റാൾ, വ്യോമസേന എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് പ്രതിരോധമന്ത്രാലയത്തിൽ സംയുക്തവാർത്താസമ്മേളനം നടത്തി തെളിവുകൾ ഹാജരാക്കിയത്.

ഇന്ത്യയുടെ മിലിട്ടറിസംവിധാനങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടതെന്ന് സൈനികമേധാവികൾ പറഞ്ഞു. ഇന്ത്യൻ വ്യോമസേന അതിനെ ഫലപ്രദമായി തടഞ്ഞു. പാകിസ്താന്റെ എഫ്-16 വിമാനത്തെ മിഗ്-21 ബൈസൺ ഉപയോഗിച്ച് ഇന്ത്യ വീഴ്ത്തി.

പാകിസ്താന്റെ അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണ്. വ്യാഴാഴ്ച രാവിലെ പാകിസ്താൻ വൻതോതിൽ ആയുധസന്നാഹങ്ങളുമായി ഇന്ത്യയുടെ സൈനികസംവിധാനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ പറഞ്ഞു.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് സുന്ദർബനി മേഖലയിൽ കടന്ന് പാക് വിമാനം ബോംബിട്ടു. ഇന്ത്യയുടെ മിലിട്ടറിസംവിധാനങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ഇന്ത്യൻ സൈനികതാവളത്തിന്റെ വളപ്പിലാണ് ബോംബ് വീണത്. ഇന്ത്യൻ വ്യോമസേന യുക്തമായ സമയത്ത് പ്രതികരിച്ചതിനാൽ അവർക്ക് നാശനഷ്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല.

ഇന്ത്യ വെടിവെച്ചുവീഴ്ത്തിയ പാകിസ്താന്റെ എഫ്-16 വിമാനം പാക് അധീന കശ്മീരിലാണ്‌ വീണത്. എഫ്-16 വിമാനം ഉപയോഗിച്ചില്ലെന്ന പാകിസ്താന്റെ വാദം കള്ളമാണ്. അതിനുള്ള തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. അംറാം മിസൈൽ ഉപയോഗിക്കുന്നത് എഫ്-16 വിമാനങ്ങളിലാണ്. എഫ്-16-ൽനിന്ന് രണ്ട് പൈലറ്റുകൾ പാരച്യൂട്ടിൽ ഇറങ്ങിയതായും എയർ വൈസ് മാർഷൽ പറഞ്ഞു. അംറാം മിസൈലിന്റെ കണ്ടെടുത്ത അവശിഷ്ടങ്ങൾ സേനാപ്രതിനിധികൾ മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചു.

വിങ് കമാൻഡർ അഭിനന്ദൻ പാക് പിടിയിലായതിനെക്കുറിച്ചും സേന വിശദീകരിച്ചു. ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഒരു മിഗ്-21 വിമാനം നഷ്ടമായെന്നും പെലറ്റ് സ്വയം ഇജക്ട് ചെയ്യാനുള്ള സംവിധാനമുപയോഗിച്ച് പുറത്തുചാടിയെന്നും സേനാപ്രതിനിധികൾ അറിയിച്ചു. എന്നാൽ, പാരച്യൂട്ടിൽ ഇറങ്ങിയപ്പോൾ അതിർത്തികടന്ന് പാക് അധീന കശ്മീരിലായിപ്പോയി. പൈലറ്റിനെ പാക് സേന കസ്റ്റഡിയിലെടുത്തു.

ബാലാകോട്ട് ഭീകരപരിശീലനകേന്ദ്രം തകർത്ത് എത്രപേരെ വധിച്ചു എന്ന ചോദ്യങ്ങൾക്ക്, കൊല്ലപ്പെട്ടവരുടെ കണക്കുകൾ പറയാറായില്ലെന്നും കേന്ദ്രങ്ങൾ തകർത്തതിന് ഇന്ത്യയുടെ പക്കൽ തെളിവുകളുണ്ടെന്നും കരസേന മേജർ ജനറൽ സുരീന്ദർസിങ് പറഞ്ഞു. ഇന്ത്യ എന്താണോ തകർക്കാൻ ഉദ്ദേശിച്ചത് അത്‌ തകർത്തെന്നായിരുന്നു പ്രതികരണം. ഏതുവെല്ലുവിളികളും നേരിടാൻ ഇന്ത്യൻസേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Surgical strike2, Balakot attack