ചണ്ഡീഗഢ്: സൈനികനീക്കങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് നല്ലതല്ലെന്ന് മിന്നലാക്രമണത്തിന് നേതൃത്വംനൽകിയ സൈനികോദ്യോഗസ്ഥൻ. മിന്നലാക്രമണത്തിന് അമിതമായ പ്രചാരം നൽകിയത് ശരിയായില്ലെന്നും ചണ്ഡീഗഢിൽ സൈനിക സാഹിത്യോത്സവത്തിൽ െലഫ്. ജനറൽ (റിട്ട.) ഡി.എസ്.ഹുട്ട അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബർ 29-ന് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ കരസേനയുടെ ഉത്തരമേഖലാ കമാൻഡറായിരുന്നു അദ്ദേഹം.

“മിന്നലാക്രമണം വളരെ അത്യാവശ്യമായിരുന്നു. നമുക്കത് ചെയ്തേ മതിയാകുമായിരുന്നുള്ളൂ. ഇപ്പോഴത് വല്ലാതെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. അത് ശരിയോ തെറ്റോ എന്നത് രാഷ്ട്രീയക്കാരോട് ചോദിക്കണം. പൂർണമായും സൈനികമായി നടത്തിയ ആ ദൗത്യത്തിന്റെ ചില വീഡിയോകളും ചിത്രങ്ങളും ചോരുകയും അവ ഉപയോഗിച്ച് രാഷ്ട്രീയപ്രചാരം നടത്താൻ ശ്രമം നടക്കുകയും ചെയ്തു. എന്നാൽ, ഈ അമിതപ്രചാരണങ്ങൾ സൈന്യത്തിന് ഒരിക്കലും സഹായം ചെയ്തിട്ടില്ല” -അദ്ദേഹം ചൂണ്ടിക്കാട്ടി.

“മിന്നലാക്രമണത്തിൽ രാഷ്ട്രീയമായി ധാരാളം അവകാശങ്ങൾ ഉന്നയിക്കപ്പെട്ടു. സൈനികദൗത്യങ്ങളിൽ രാഷ്ട്രീയം പ്രതിഫലിക്കുന്നത് നല്ലതല്ല. മിന്നലാക്രമണം രഹസ്യമായി നടത്തുന്നതായിരുന്നു നല്ലത്” -െലഫ്. ജനറൽ ഹൂട്ട അഭിപ്രായപ്പെട്ടു.

രാഷ്ട്രീയനേതൃത്വം സാഹസികപ്രിയരാകുന്നതിനെതിരേ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സൈനികർക്ക് എന്തെങ്കിലും അപായം സംഭവിച്ചിരുന്നെങ്കിൽ രാഷ്ട്രീയക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ എന്നും ചോദിച്ചു.

വ്യക്തിപരമായ അഭിപ്രായം -ജനറൽ ബിപിൻ റാവത്ത്

മിന്നലാക്രമണം രാഷ്ട്രീയവത്കരിച്ചുവെന്ന െലഫ്. ജനറൽ (റിട്ട.) ഹുട്ടയുടെ പരാമർശം വ്യക്തിപരമെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്.

“മിന്നലാക്രമണത്തിന് നേതൃത്വംനൽകിയവരിൽ പ്രധാനപ്പെട്ടയാളാണ് ഹുട്ട. അദ്ദേഹത്തിന്റെ വാക്കുകൾ മാനിക്കുന്നു. എന്നാൽ, അത് വ്യക്തിപരമായ അഭിപ്രായമാണ്. ഇതിൽ കൂടുതലൊന്നും പറയാനില്ല” -ജനറൽ റാവത്ത് വ്യക്തമാക്കി.

യഥാർഥ സൈനികന്റെ വാക്കുകൾ -രാഹുൽ

ലഫ്. ജനറൽ ഹുട്ടയുടെ വാക്കുകൾ ഒരു യഥാർഥ സൈനികന്റേതാണെന്നും രാജ്യം അദ്ദേഹത്തിൽ അഭിമാനിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. “ സൈനികനീക്കത്തെ സ്വന്തം സമ്പാദ്യമെന്നപോലെ ഉപയോഗിക്കാൻ മിസ്റ്റർ 36-ന് (പ്രധാനമന്ത്രി നരേന്ദ്ര മോദി) ഒരു നാണവുമില്ല. മിന്നലാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായും റഫാൽ ഇടപാട് അനിൽ അംബാനിയുടെ ആസ്തി വർധിപ്പിക്കാനുമാണ് മോദി ഉപയോഗിച്ചത്” -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മോദിയെന്ന രാഷ്ട്രീയക്കച്ചവടക്കാരനെ തുറന്നുകാട്ടിയതിന് െലഫ്. ജനറൽ (റിട്ട.) ഹുട്ടയോട് നന്ദി അറിയിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.