ന്യൂഡൽഹി: പാക് അതിർത്തികടന്ന്‌ നടത്തിയ മിന്നലാക്രമണത്തിൽ ഇന്ത്യൻസൈന്യം ഒരു ‘അസാധാരണ ബ്രഹ്മാസ്ത്രം’ പ്രയോഗിച്ചതായി വെളിപ്പെടുത്തൽ. രാത്രിയിൽ നിയന്ത്രണരേഖ കടക്കവേ തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാനായി സൈന്യം ഉപയോഗിച്ചത്‌ പുലിയുടെ കാഷ്ഠവും മൂത്രവും! മിന്നലാക്രമണത്തിന്‌ ചുക്കാൻപിടിച്ചവരിലൊരാളായ നഗ്രോട്ട വൈറ്റ് നൈറ്റ് കോർ മുൻ കമാൻഡർ ലെഫ്. ജനറൽ രാജേന്ദ്ര രാംറാവു നിംഭോർകറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുണെയിൽ തന്നെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “നിയന്ത്രണരേഖയ്ക്ക്‌ സമീപമുള്ള ഗ്രാമങ്ങളിലെ നായ്ക്കൾ ഭീകരന്മാരാണ്. അതിനാൽ ആ സ്ഥലത്തെ സവിശേഷതകൾ ഞാൻ നിരീക്ഷിച്ചു. പുലികൾ നിരന്തരം നായ്ക്കളെ ആക്രമിക്കുന്ന സ്ഥലമാണത്. അതിനാൽത്തന്നെ നായ്ക്കൾ രാത്രിയിൽ ആ സ്ഥലത്തേക്ക്‌ വരാറില്ലായിരുന്നു. എന്നാൽ, നായ്ക്കൾ വരാനുള്ള സാധ്യത കണക്കിലെടുത്ത്‌ പുലിയുടെ കാഷ്ഠവും മൂത്രവും കൈയിൽക്കരുതി. ഞങ്ങൾ നിയന്ത്രണരേഖ കടന്നയുടൻ നായ്ക്കൾ കുര തുടങ്ങി. അപ്പോൾത്തന്നെ പോകുന്ന വഴിയിൽ സൈനികർ പുലിവിസർജ്യം വിതറി. അത്‌ ഫലംകണ്ടു.”

പ്രത്യാക്രമണം ആസൂത്രണംചെയ്യാൻ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ സൈന്യത്തിന് ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം സൈനികരെ അറിയിച്ചിരുന്നെങ്കിലും ലക്ഷ്യമിടേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന്‌ വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഭീകരരുടെ പ്രവർത്തനങ്ങൾ ഞങ്ങൾ പഠിച്ചു. അതനുസരിച്ച്‌ പുലർച്ചെ മൂന്നരയ്ക്ക് ആക്രമണം നടത്താൻ തീരുമാനിച്ചു. മൂന്ന്‌ ലോഞ്ചിങ് പാഡുകൾ തകർക്കാനും 29 ഭീകരരെ വധിക്കാനും ഞങ്ങൾക്കായി.”

2016 സെപ്റ്റംബർ 28-29 തീയതികളിലായാണ്‌ മിന്നലാക്രമണം നടന്നത്. സൈന്യത്തിന്റെ റിപ്പോർട്ടുപ്രകാരം ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് ഈ ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി.