ന്യൂഡൽഹി: സുപ്രീംകോടതിയിൽ 68 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരേസമയം മൂന്നു വനിതാ ജഡ്ജിമാർ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി സുപ്രീംകോടതി ജഡ്ജിയായി നിയമിതയായതോടെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം ഉയർന്നത്. ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് മറ്റു രണ്ടുപേർ. 2002-ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഇന്ദിരാ ബാനർജി കഴിഞ്ഞവർഷമാണ് ചീഫ് ജസ്റ്റിസായത്.

സുപ്രീംകോടതിയിൽ ഇതുവരെ ഏഴു വനിതാ ജഡ്ജിമാരാണ് നിയമിതരായിട്ടുള്ളത്. ഇന്ദിരാ ബാനർജിയുടെ നിയമനത്തോടെ ഇത് എട്ടായി. മലയാളിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി. 1989-ലായിരുന്നു നിയമനം. ജസ്റ്റിസ് സുജാതാ മനോഹർ, ജസ്റ്റിസ് റുമാ പാൽ, ജസ്റ്റിസ് ജ്ഞാൻസുധാ മിശ്ര, ജസ്റ്റിസ് രഞ്ജനാ പ്രകാശ് ദേശായി എന്നിവരാണ് മറ്റുള്ളവർ. 2011-ലാണ് ആദ്യമായി ഒരേസമയം രണ്ടു വനിതാ ജഡ്ജിമാരുണ്ടായത് -ജസ്റ്റിസ് ജ്ഞാൻസുധാ മിശ്രയും ജസ്റ്റിസ് രഞ്ജനാ ദേശായിയും.

വനിതാ ജഡ്ജിമാരിൽ ഒരാളൊഴികെ എല്ലാവരും ഹൈക്കോടതികളിൽനിന്ന് സുപ്രീംകോടതിയിലേക്കു സ്ഥാനക്കയറ്റത്തിലൂടെ എത്തുകയായിരുന്നു. സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നേരിട്ട്‌ നിയമിക്കുകയായിരുന്നു. 1950 ജനുവരി 28-നാണ് സുപ്രീംകോടതി നിലവിൽവന്നത്.