ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്ന് സുപ്രീംകോടതി. നിലവിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലേതുമാത്രം എണ്ണാനായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം.

തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് കൂടുതൽ വിശ്വാസ്യതയുണ്ടാക്കാനാണ് അഞ്ചിടത്തെ സ്ലിപ്പുകൾ എണ്ണുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

അതേസമയം, ഏതെല്ലാം ബൂത്തുകളിലേതാണ് എണ്ണേണ്ടതെന്നു തീരുമാനിക്കാൻ നിലവിലെ നറുക്കെടുപ്പുരീതി തുടരാമെന്നും കോടതി നിരീക്ഷിച്ചു. അഞ്ചുവീതം ബൂത്തുകളിലെ സ്ലിപ്പുകൾ പരിശോധിക്കുന്നതിന് കൂടുതൽ ആളുകൾ ആവശ്യമില്ലെന്നും ഫലപ്രഖ്യാപനം വൈകില്ലെന്നും കോടതി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു കമ്മിഷണർ സുദീപ് ജെയ്ൻ സുപ്രീംകോടതിയിൽ ഹാജരായി കൂടുതൽ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്റെ പ്രയാസങ്ങൾ അറിയിച്ചു. നിലവിലെ രീതിപ്രകാരം രാജ്യത്താകെ 4125 വോട്ടിങ് മെഷീനുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളാണ് എണ്ണേണ്ടത്. നിലവിൽ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു റിട്ടേണിങ് ഓഫീസർ, ഒരു നിരീക്ഷകൻ എന്നിവരാണ് ഒരു ബൂത്തിലെ സ്ലിപ്പുകൾ എണ്ണാൻ നിയോഗിക്കപ്പെടുന്നത്. കൂടുതൽ സ്ലിപ്പുകൾ എണ്ണേണ്ടിവന്നാൽ കൂടുതൽ മനുഷ്യപ്രയത്നം വേണ്ടിവരികയും പിഴവിനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബൂത്തിലെ സ്ലിപ്പുകൾ എണ്ണാൻ ഒരാളെയാണ് നിയോഗിക്കുന്നതെന്ന് ഹർജിക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ആ വിവരം എവിടന്നുകിട്ടിയെന്ന് കോടതി ചോദിച്ചപ്പോൾ, പിഴവുപറ്റിയതാണെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു.

ഏതെല്ലാം ബൂത്തുകളിലെ സ്ലിപ്പുകളാണ് എണ്ണേണ്ടതെന്ന് സ്ഥാനാർഥികൾക്ക്‌ തീരുമാനിക്കാൻ സാധിക്കണമെന്ന വാദമുയർന്നു. ഒരു മണ്ഡലത്തിൽ 20 സ്ഥാനാർഥികളുണ്ടെങ്കിൽ അത്രയും ബൂത്തുകളിലേത് എണ്ണാനാകുമോയെന്ന് കോടതി ചോദിച്ചു. നിലവിലെ നറുക്കെടുപ്പുരീതി തന്നെയാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെ ആറു ദേശീയ പാർട്ടികളുടെയും 15 പ്രദേശിക പാർട്ടികളുടെയും നേതാക്കളാണ് ഹർജിനൽകിയത്. പകുതി സ്ലിപ്പുകൾ എണ്ണുകയാണെങ്കിൽ ഫലം പ്രഖ്യാപിക്കാൻ ആറുദിവസം വരെ വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചപ്പോൾ, അത് കുഴപ്പമില്ലെന്ന നിലപാടാണ് ഹർജിക്കാർ സ്വീകരിച്ചിരുന്നത്.

Content Highlights: Supreme Court Verdict on VV-PAT Counting