ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെടുന്ന ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, അഡ്വ. എം.എൽ. ശർമ എന്നിവരുടെ ഹർജികളാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.

അതിനിടെ, വിവിധ പ്രതിപക്ഷ പാർട്ടികളും പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടുവരുകയാണ്. ഈ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷകക്ഷികൾ ആലോചിക്കുന്നത്.

പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് എൻ. റാമും ശശികുമാറും നൽകിയ ഹർജി ആവശ്യപ്പെടുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെയും എതിർശബ്ദങ്ങളെയും അടിച്ചമർത്താനാണ് വിവരം ചോർത്തുന്നത്. പെഗാസസ് ഉപയോഗിക്കാൻ സർക്കാരോ അതിന്റെ ഏജൻസികളോ ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയതിനെ സർക്കാർ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസിന്റെ ഹർജി. വിവരം ചോർത്തിയത് കേന്ദ്ര സർക്കാരാണെങ്കിലും വിദേശ ഏജൻസിയാണെങ്കിലും അന്വേഷിച്ച് കണ്ടെത്തണം. സർക്കാരാണ് അത് ചെയ്തതെങ്കിൽ അനധികൃതമായാണ് നടത്തിയത്. വിദേശ ഏജൻസിയാണെങ്കിൽ ബാഹ്യശക്തിയുടെ ഇടപെടലായിക്കണ്ട് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Content highlights: Supreme court to review pegasus petitions on friday