ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലെ നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഈമാസം 13 മുതൽ വാദംകേൾക്കും. ബെഞ്ചിലെ ജഡ്ജിമാർ ആരെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാനവിഷയങ്ങളിൽ ഒൻപതംഗ ബെഞ്ചിൽനിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കുക.

നവംബർ 14-നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനുവിട്ടത്. ഏഴിലേറെ ജഡ്ജിമാരുടെ ബെഞ്ചാകും ശബരിമല കേസ് പരിഗണിക്കാൻ സാധ്യതയെന്ന് ‘മാതൃഭൂമി’ അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ വിധിയനുസരിച്ച് മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെൺകുട്ടികളിലെ ചേലാകർമം എന്നീ വിഷയങ്ങൾ കൂടി ഒൻപതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്.

എന്നാൽ, ആ കേസുകൾ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാൽ അവയെക്കുറിച്ച് തിങ്കളാഴ്ചത്തെ നോട്ടീസിൽ പറയുന്നില്ല. അതതു ബെഞ്ചുകൾ റഫർ ചെയ്യാതെ വിശാലബെഞ്ചിന് ആ കേസുകൾ സാങ്കേതികമായി പരിഗണിക്കാനാവില്ലെങ്കിലും അതിലെ വിഷയങ്ങൾ പരിശോധിക്കപ്പെടും.

ശബരിമലയിലും സമാനമായ കേസുകളിലുമെല്ലാം ഉദ്ധരിക്കുന്ന ശിരൂർമഠം കേസിലെ വിധിപറഞ്ഞത് ഏഴംഗ ബെഞ്ചാണ്. ശബരിമലവിഷയം ഒൻപതംഗ ബെഞ്ചിനു വിടാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തീരുമാനിച്ചത് അതുകൊണ്ടാകാം.

ശബരിമലയിലെ സ്ത്രീവിലക്കിനു സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനം അനുവദിക്കൽ) ചട്ടമാകും ഒൻപതംഗ ബെഞ്ച് മുഖ്യമായും പരിഗണിക്കുക. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം, ആചാരങ്ങൾ മതത്തിന്റെയോ പ്രത്യേക വിശ്വാസിസമൂഹത്തിന്റെയോ അവിഭാജ്യഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം, ഇതു സമുദായ മേധാവികൾ മാത്രം തീരുമാനിക്കേണ്ടതാണോ, വിശ്വാസിസമൂഹത്തിന്റെ മതാചാരങ്ങൾ അതിനുപുറത്തുള്ളവർ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം തുടങ്ങിയ വിഷയങ്ങളും പരിശോധിച്ചേക്കും.

Content Highlights: Supreme Court to hear from January 13 issue of allowing entry of women of all age groups