ന്യൂഡൽഹി: ആയുർവേദ പി.ജി. വിദ്യാർഥികൾക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനെതിരേ, ഓൾ ഇന്ത്യാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ നൽകിയ തടസ്സഹർജിയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേൾക്കും.

പി.ജി. ആയുർവേദ വിദ്യാർഥികൾക്ക് വിവിധതരം ജനറൽ ശസ്ത്രക്രിയയും ഓർത്തോപീഡിക്, ഒഫ്താൽമോളജി, ഇ.എൻ.ടി., ഡെന്റൽ തുടങ്ങിയവയിലെ പരിശോധനാനടപടിക്രമങ്ങളും ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതിനായി ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പി.ജി. ആയുർവേദ വിദ്യാഭ്യാസം) നിയന്ത്രണചട്ടത്തിൽ കഴിഞ്ഞവർഷം വരുത്തിയ ഭേദഗതിയാണ് ഐ.എം.എ. ചോദ്യംചെയ്യുന്നത്. ആധുനിക മെഡിസിനെ സിലബസിൽ ഉൾപ്പെടുത്താനുള്ള അധികാരം സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന് (സി.സി.ഐ.എം.) ഇല്ലെന്നാണ് ഐ.എം.എ.യുടെ വാദം.

ആധുനികവൈദ്യശാസ്ത്രത്തെ പരമ്പരാഗതചികിത്സയുമായി കൂട്ടിക്കലർത്താനുള്ള കേന്ദ്രത്തിന്റെ പദ്ധതിക്കെതിരേ അലോപ്പതി ഡോക്ടർമാരും ഐ.എം.എ.യും രംഗത്തെത്തിയിരുന്നു. എന്നാൽ, വൈദ്യശാസ്ത്രരംഗത്ത് ബഹുസ്വരത നിയമപരമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി. ശുശ്രുതന്റെ കാലത്തിനു മുമ്പുപോലും ആയുർവേദത്തിൽ ശസ്ത്രക്രിയയുണ്ടായിരുന്നു. ആയുർവേദത്തിൽ ശസ്ത്രക്രിയയില്ലെന്ന് ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഐ.എം.എ. ശ്രമിക്കുന്നതെന്നും അസോസിയേഷൻ തടസ്സഹർജിയിൽ ചൂണ്ടിക്കാട്ടി.

content highlights: supreme court to consider ima's plea over permission for ayurveda doctor's surgery