ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരവേ ഓക്സിജനും അവശ്യമരുന്നും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സുപ്രീംകോടതി ദേശീയ ദൗത്യസംഘമുണ്ടാക്കി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി കൺവീനറും ആരോഗ്യസെക്രട്ടറി എക്സ് ഒഫിഷ്യോ മെമ്പറുമായ 12 അംഗ സംഘത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദഗ്ധരെയാണ് ഉൾപ്പെടുത്തിയത്.

സംസ്ഥാനങ്ങൾക്കുള്ള ഓക്സിജൻ വിതരണം, അവശ്യമരുന്നുകൾ, ഭാവിയിലെ അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവ ദൗത്യസംഘം കൈകാര്യം ചെയ്യുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം തേടാൻ ദൗത്യ സംഘത്തിന് സ്വാതന്ത്ര്യമുണ്ട്. കോവിഡ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ദൗത്യ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള നടപടി. കേസ് മേയ് 17-ന് വീണ്ടും പരിഗണിക്കും.

സംഘത്തിന്റെ ദൗത്യങ്ങൾ:

* ഓക്സിജൻ ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുക.

* ശാസ്ത്രീയവും യുക്തിപരവുമായി മെഡിക്കൽ ഓക്സിജൻ വിതരണത്തിന് മാർഗരേഖയുണ്ടാക്കുക.

* ഇപ്പോഴും ഭാവിയിലും ഓക്സിജന്റെ ആവശ്യം നിർണയിച്ച് ലഭ്യത ഉയർത്താനുള്ള നിർദേശങ്ങൾ നൽകുക.

* ലഭ്യതയും വിതരണവും നിശ്ചിത ഇടവേളകളിൽ പുനഃപരിശോധിച്ച് നിർദേശം നൽകുക.

* കേന്ദ്രം നൽകുന്ന ഓക്സിജനും മറ്റും സംസ്ഥാനങ്ങളിലേക്കെത്തൽ, വിതരണ ശൃംഖലയുടെ കാര്യക്ഷമത, സ്റ്റോക്ക് വിതരണം ചെയ്യുന്നതിലെ കാര്യക്ഷമത, സുതാര്യത എന്നിവ പരിശോധിക്കൽ, ഓക്സിജൻ ഉപയോഗത്തിന്റെ കൃത്യമായ കണക്കെടുക്കൽ എന്നിവയ്ക്ക് സംസ്ഥാനങ്ങളിലെ ഉപസമിതികളെക്കാണ്ട് ഓഡിറ്റ് നടത്തുക.

* അവശ്യമരുന്നുകൾ ലഭ്യമാക്കാൻ നിർദേശം നൽകുക.

* ഭാവിയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പദ്ധതിയുണ്ടാക്കുക.

* ലഭ്യമായ മാനവവിഭവശേഷി പരമാവധി ഉപയോഗിക്കാനും ഗ്രാമീണമേഖലകളിലെത്തിക്കാനും സാങ്കേതികവിദ്യയെ ആശ്രയിക്കുക.

* ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം വർധിപ്പിക്കാൻ നിർദേശം നൽകുക.

* തെളിവിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക.

* രാജ്യവ്യാപകമായി കാണുന്ന മികച്ച മാർഗങ്ങൾ പങ്കുവെക്കുക.

* കാര്യക്ഷമമായ മറ്റു നിർദേശങ്ങൾ നൽകുക.

ദൗത്യസംഘത്തിലെ അംഗങ്ങൾ:

ഡോ. ഭബതോഷ് ബിശ്വാസ് (പശ്ചിമബംഗാൾ ആരോഗ്യ സർവകലാശാലാ മുൻ വി.സി.), ഡോ. ദേവേന്ദർ സിങ് റാണ (ഡൽഹി ഗംഗാറാം ആശുപത്രിയിലെ ബോർഡ് ഓഫ് മാനേജ്‌മെന്റ് അധ്യക്ഷൻ), ഡോ. ദേവിപ്രസാദ് ഷെട്ടി (ബെംഗളൂരു നാരായണ ഹെൽത്ത് കെയർ ചെയർപേഴ്‌സൺ), ഡോ. ഗഗൻദീപ് കാങ് (തമിഴ്‌നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രൊഫസർ), ഡോ. ജെ.പി. പീറ്റർ (തമിഴ്‌നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഡയറക്ടർ), ഡോ. നരേഷ് ട്രേഹാൻ (ഗുരുഗ്രാം മേദാന്ത ആശുപത്രി ചെയർപേഴ്‌സൺ), ഡോ. രാഹുൽ പണ്ഡിറ്റ് (മുംബൈ ഫോർട്ടിസ് ആശുപത്രി ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ), ഡോ. സൗമിത്ര റാവത്ത് (ഡൽഹി ഗംഗാറാം ആശുപത്രി സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി), ഡോ. ശിവ് കുമാർ സരിൻ (ഡൽഹി ഐ.എൽ.ബി.എസ്. ഡയറക്ടർ), ഡോ. സരീർ എഫ്. ഉദ്വാഡിയ (മുംബൈ ഹിന്ദുജ ഹോസ്പിറ്റൽ ചെസ്റ്റ് ഫിസിഷ്യൻ), കേന്ദ്ര ആരോഗ്യ സെക്രട്ടറി (എക്സ് ഒഫീഷ്യോ മെമ്പർ), കേന്ദ്ര കാബിനറ്റ് സെക്രട്ടറി (കൺവീനർ).