ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്റെ കാതൽ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമായതിനാൽ ബൂത്തുപിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് സുപ്രീംകോടതി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിൽ വെള്ളം ചേർക്കാൻ ആരേയും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ (അന്നത്തെ ബിഹാർ) പോളിങ് ബൂത്തിനുസമീപം സ്ലിപ് നൽകാൻ നിന്ന ബി.ജെ.പി. പ്രവർത്തകനെ മർദിച്ച കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശിക്ഷ വെറും ആറുമാസമാക്കി ചുരുക്കിയതിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തതിൽ സുപ്രീംകോടതി അതൃപ്തിയുമറിയിച്ചു.

നാടൻ തോക്കും വടികളുമായെത്തിയ പ്രതികൾ ബി.ജെ.പി. പ്രവർത്തകർക്കുനേരെ വെടിയുതിർക്കുകയും മർദിക്കുകയും ചെയ്തുവെന്ന കേസിൽ എട്ടുപേർക്ക് ആറുമാസം സാധാരണ തടവാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2018-ൽ ഹൈക്കോടതി അത് ശരിവെച്ചതിനെതിരേയാണ് പ്രതികൾ സുപ്രീംകോടതിയിലെത്തിയത്.

വോട്ടർപട്ടിക പിടിച്ചുവാങ്ങി കള്ളവോട്ട് ചെയ്യാനുള്ള ലക്ഷ്യത്തോടെ പ്രതികളെല്ലാവരും നിയമവിരുദ്ധമായി സംഘം ചേർന്നുവെന്ന് തെളിഞ്ഞതായി സുപ്രീംകോടതി പറഞ്ഞു. ശിക്ഷ ശരിവെച്ച സുപ്രീംകോടതി പ്രതികളോട് ഉടൻ കീഴടങ്ങി ശിക്ഷയേറ്റുവാങ്ങാനും ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമെന്ന് മറ്റൊരുകേസിൽ സുപ്രീംകോടതി നിരീക്ഷിച്ചതാണ്. ജനാധിപത്യം ശക്തിപ്പെടുത്താൻ രഹസ്യവോട്ട് അനിവാര്യമാണ്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ ഭയരഹിതമായും രഹസ്യസ്വഭാവത്തോടെയും വോട്ടുചെയ്യാൻ സാധിക്കണം. ജനാധിപത്യവും സ്വതന്ത്ര തിരഞ്ഞെടുപ്പും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. ആത്യന്തികമായി ജനങ്ങളുടെ താത്പര്യം അറിയാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

--