ന്യൂഡൽഹി: കേരളത്തിൽ കോവിഡ് കാലത്ത് പരോൾ ലഭിച്ച തടവുകാർ ഉടൻ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. പരോളിൽ ഇറങ്ങിയവർക്ക് കീഴടങ്ങുന്നതിനുള്ള സമയം നീട്ടിനൽകാൻ കേരള സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജയിലുകളിലേക്ക് ഇതിനകം മടങ്ങിയ തടവുകാരുടെ കാര്യത്തിൽ സർക്കാരിന് തീരുമാനം കൈക്കൊള്ളാമെന്നും കോടതി പറഞ്ഞു.

തടവുകാർ ജയിലിലേക്ക് മടങ്ങണമെന്ന് 26-ന് കേരളസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ നെട്ടൂർ തുറന്ന ജയിലിലെ തടവുകാരനായ ആലപ്പുഴ സ്വദേശി ഡോൾഫിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ തടവുകാർ ഒക്ടോബർ 30 വരെ ജയിലിലേക്ക് മടങ്ങേണ്ടതില്ലെന്ന് ഉത്തരവിട്ടതായി സർക്കാർ കോടതിയെ ബോധിപ്പിച്ചു. പരോളിൽ ഇറങ്ങിയവരോട് മാത്രമാണ് മടങ്ങണമെന്നാവശ്യപ്പെട്ടതെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് അറിയിച്ചു. പരോളിൽ ഇറങ്ങിയവരെയും ജാമ്യത്തിൽ ഇറങ്ങിയവരെയും കോവിഡിന്റെ പശ്ചാത്തലത്തിൽ വേർതിരിച്ചു കാണാനാവില്ലെന്നും എല്ലാവർക്കും ഒരുപോലെ ആനുകൂല്യം നൽകണമെന്നും കോടതി വ്യക്തമാക്കി.

ഡോൾഫി നൽകിയ റിട്ട് ഹർജിയിൽ നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഡോൾഫിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നാഗമുത്തു, അഭിഭാഷകരായ സുബാഷ് ചന്ദ്രൻ, സായൂജ് മോഹൻ ദാസ്, കവിതാ സുഭാഷ് എന്നിവർ ഹാജരായി.