ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി. 377-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കരുത് എന്നാവശ്യപ്പെടുന്ന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. നേരത്തേ, സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവെച്ചിരുന്നു.

377-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്‌തേജ് സിങ് ജോഹാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്​പരസമ്മതത്തോടെ സ്വവര്‍ഗരതിയിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അരവിന്ദ് ദത്താര്‍ എന്നിവര്‍ പറഞ്ഞു. ജീവപര്യന്തമോ അല്ലെങ്കില്‍ പത്തുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പരസ്​പരസമ്മതത്തോടെ അസ്വാഭാവിക ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ രണ്ടുപേരെ ജയിലിലിടാനാവില്ലെന്ന് ദത്താര്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിന്റെ വിധിയിലെ ഭാഗങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗികപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗം തന്നെയാണ് -അദ്ദേഹം വാദിച്ചു.

സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്റെ കേസില്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍, 2014-ല്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കി. വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നല്‍കിയ തിരുത്തല്‍ഹര്‍ജി വിശാലബെഞ്ചിന് വിട്ടിരുന്നു. പുതിയ ഹര്‍ജിയും വിശാലബെഞ്ചാണ് പരിഗണിക്കുക.