ന്യൂഡൽഹി: പുകമലിനീകരണ പരിശോധന മറികടക്കാൻ കാറുകളിൽ കൃത്രിമം നടത്തിയ ഫോക്സ്‌വാഗൻ കമ്പനി 100 കോടി രൂപ പിഴയടയ്ക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എൻ.ജി.ടി.) ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. മറ്റു കാർ നിർമാതാക്കളും ഇത്തരം നടപടികൾ ചെയ്തിട്ടുണ്ടെങ്കിൽ അതുകൂടി പരിശോധിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

എൻ.ജി.ടി. ചുമത്തിയ 100 കോടിരൂപ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ കെട്ടിവെച്ചതായി ഫോക്സ്‌വാഗൻ അറിയിച്ചു. ഇപ്പോൾ നിലവിലില്ലാത്ത മലിനീകരണ ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് പിഴ ചുമത്തിയത്. ഇപ്പോഴത്തെ ചട്ടങ്ങളെല്ലാം കമ്പനി പാലിക്കുന്നുണ്ടെന്നും ഫോക്സ്‌വാഗനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അറിയിച്ചു. കേസിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിലപാടുകൂടി കേൾക്കാൻ എൻ.ജി.ടി.യോട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

2015-ലാണ് പുകപരിശോധന വിജയിക്കാൻ ഫോക്സ്‌വാഗൺ ഡീസൽ കാറുകളിൽ പ്രത്യേക സോഫ്റ്റ്‌വേർ ഘടിപ്പിച്ച് കൃത്രിമം നടത്തിയതായി തെളിഞ്ഞത്. ഇത്തരത്തിലുള്ള 3.23 ലക്ഷം കാറുകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ടെന്ന് ട്രിബ്യൂണൽ നിയോഗിച്ച വിദഗ്‌ധസമിതി കണ്ടെത്തി.

Content highlights: Supreme Court refuse to accept Volkswagen's plea against NGT Order