ന്യൂഡൽഹി: ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് പ്രതിയോട് സുപ്രീംകോടതി ചോദിച്ചത് കോടതിരേഖകളെ ആസ്പദമാക്കിയാണെന്ന് വിശദീകരണം. പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞാൽ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചുകൊള്ളാമെന്ന് പ്രതിയുടെ അമ്മ എഴുതി നൽകിയത് രേഖയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയോട് അങ്ങനെ ചോദിക്കേണ്ടിവന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങൾ വിശദീകരിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ചോദ്യം വിവാദമായിരുന്നു. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു.

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെതിരേ പ്രതി മോഹിത് സുഭാഷ് ചവാൻ (23) നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം ആരാഞ്ഞത്. വിവാഹത്തിന് താൻ ആഗ്രഹിച്ചെങ്കിലും പെൺകുട്ടി വിസമ്മതിച്ചതിനാൽ പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്ന് പ്രതി അറിയിച്ചു.

അകന്ന ബന്ധുവായ പെൺകുട്ടിയെ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി കൈയും കാലും കെട്ടിയശേഷം ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പീഡനം തുടർന്നു. ഒമ്പതാം ക്ലാസിൽ പഠിക്കവേ പന്ത്രണ്ട് തവണയോളം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി.

പിന്നീട് പെൺകുട്ടിയും അമ്മയും പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രതിയുടെ അമ്മ അവർക്ക് ഉറപ്പുനൽകി. പെൺകുട്ടിയും മോഹിതുമായി സ്നേഹബന്ധമുണ്ടായിരുന്നെന്നും ഉഭയസമ്മതത്തോടെയാണ് ബന്ധപ്പെട്ടിരുന്നതെന്നും അവരിൽനിന്ന് പ്രതിയുടെ അമ്മ എഴുതിവാങ്ങുകയും ചെയ്തു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായപ്പോൾ വിവാഹം കഴിക്കാൻ മോഹിത് വിസമ്മതിച്ചതോടെയാണ് വീണ്ടും പരാതി നൽകിയത്. തുടർന്ന് പ്രതിക്ക് സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കി.

Content Highlights: Supreme court Rape case