ന്യൂഡല്‍ഹി: അര്‍ധരാത്രി കഴിഞ്ഞും സുപ്രീംകോടതി വാദംകേള്‍ക്കുന്ന ആദ്യകേസല്ല കര്‍ണാടക തിരഞ്ഞെടുപ്പ് വിഷയത്തില്‍ നടന്നത്. കഴിഞ്ഞദിവസം രാത്രി നടന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ഇരുഭാഗത്തിനുവേണ്ടിയും ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ ഇതിനുമുന്‍പും നേരം വൈകി കോടതി ചേര്‍ന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യാക്കൂബ് മേമന്റെ വധശിക്ഷ

1993-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് സുപ്രീംകോടതി അര്‍ധരാത്രി ചേര്‍ന്നത്. 2015 ജൂലായ് 30-ന് പുലര്‍ച്ചെ നടക്കേണ്ട മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വാദമാണ് ജൂലായ് 29-ന് രാത്രി കേട്ടത്. സ്റ്റേ നല്‍കാഞ്ഞ സാഹചര്യത്തില്‍ യാക്കൂബ് മേമനെ പുലര്‍ച്ചെ തൂക്കിക്കൊന്നു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവം

1992 ഡിസംബര്‍ ആറിന് രാത്രി ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്ത ഉടന്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ഒരാള്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസ് എം.എന്‍. വെങ്കടാചലയ്യയുടെ വീട്ടില്‍ നടന്ന വാദംകേള്‍ക്കലിനൊടുവില്‍ തര്‍ക്കഭൂമിയില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വിധി പ്രസ്താവിച്ചു.

എല്‍.എം. ഥാപ്പര്‍

വന്‍ വ്യവസായിയായിരുന്ന എല്‍.എം. ഥാപ്പറിന്റെ പേരില്‍ വിദേശനാണയ വിനിമയ നിയന്ത്രച്ചട്ടം പ്രകാരം കേസെടുത്തപ്പോള്‍ അര്‍ധരാത്രി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. 1985-ല്‍ നടന്ന സംഭവത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കടരാമയ്യ രാത്രി ഉറക്കത്തില്‍നിന്നെഴുന്നേറ്റാണ് ഥാപ്പറിന് ജാമ്യം അനുവദിച്ചത്. ഇത് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഉത്തര്‍പ്രദേശിലെ വിശ്വാസവോട്ടെടുപ്പ്

1998-ല്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ കല്യാണ്‍സിങ്ങിനോ ജഗദാംബികാ പാലിനോ ഭൂരിപക്ഷമുള്ളതെന്ന് തീരുമാനിക്കാനായി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതും അര്‍ധരാത്രിയാണ് നടന്നത്.

വധശിക്ഷകള്‍ക്ക് സ്റ്റേ അനുവദിക്കാന്‍

യാക്കൂബ് മേമന്‍ കേസിന് സമാനമായി മറ്റുചില വധശിക്ഷകളിലും സ്റ്റേ സംബന്ധിച്ച വാദം കേള്‍ക്കാന്‍ കോടതി രാത്രി വൈകി ചേര്‍ന്നിട്ടുണ്ട്.

ഗീത ചോപ്ര, സഞ്ജയ് ചോപ്ര ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളായ രങ്ക, ബില്ല എന്നിവരുടെ വധശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രാത്രി വൈകി വാദം കേട്ടു. 1982 ജനുവരി 31-ന് ഇവരെ തൂക്കിക്കൊന്നു.

നോയ്ഡ കൊലപാതക പരമ്പര കേസില്‍ പ്രതിയായ സുരീന്ദര്‍ കോലിയുടെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന അപേക്ഷയിലും സുപ്രീംകോടതി അര്‍ധരാത്രി വാദംകേട്ടു. സമാനസാഹചര്യത്തില്‍ 2013 ഏപ്രില്‍ ഒന്‍പതിന് മങ്കന്‍ലാല്‍ ബറേലയുടെ വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിലും രാത്രി വൈകി വാദംകേട്ടു.

2014 ജനുവരി 21-ന് വ്യത്യസ്ത കേസുകളിലുള്‍പ്പെട്ട 16 പേരുടെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്നെന്ന് വൈകീട്ട് നാലുമണിക്ക് അറിഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വെസും സഹപ്രവര്‍ത്തകരും ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ അപേക്ഷയുമായെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസ് എം.വൈ. ഇഖ്ബാലും വാദംകേട്ടശേഷം രാത്രി 11.30-ഓടെ വധശിക്ഷ സ്റ്റേ ചെയ്ത് ഉത്തരവിറക്കി.