ന്യൂഡൽഹി: അനിയന്ത്രിതമായി വിദേശസംഭാവനകൾ സ്വീകരിക്കൽ മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. വിദേശസംഭാവനാ (നിയന്ത്രണ) നിയമത്തിൽ കഴിഞ്ഞവർഷം കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

ഭേദഗതി ചോദ്യംചെയ്ത് എൻ.ജി.ഒ. കെയർ സംഘടനയിലെ നോയെൽ ഹാർപർ, ഷെയർ ചാരിറ്റബിൾ ട്രസ്റ്റ്, ജീവൻ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ നൽകിയ ഹർജിയിലാണ് കേന്ദ്രം മറുപടി സമർപ്പിച്ചത്. വിദേശസംഭാവനാ നിയമത്തിൽ 2020-ലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന വിവിധ വകുപ്പുകൾ (ഏഴ്, 12എ, 12(1എ), 17) ഭരണഘടനാവിരുദ്ധമാണെന്ന് ഹർജികളിൽ ആരോപിച്ചു.

എന്നാൽ, ചിലതരം സംഘടനകൾ വിദേശസംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതിൽ മൗലികാവകാശ ലംഘനമില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രാദേശികമായ ഫണ്ടുപയോഗിച്ച് അവർക്ക് ഇവിടെ പ്രവർത്തിക്കുകയും ലക്ഷ്യങ്ങൾ നേടുകയുംചെയ്യാം. വിദേശസംഭാവന സ്വീകരിക്കുക എന്നത് നിയമപരമായോ അല്ലാതെയോ അവകാശമല്ല. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശത്തിലും വിദേശസംഭാവന സ്വീകരിക്കൽ വരുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.