ന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും വിവാദമായി മാറിയ പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച നടന്നത് ചൂടേറിയ വാദങ്ങൾ. കൂടുതൽ വിവരം തേടാനോ പോലീസിൽ പരാതിനൽകാനോ ഹർജിക്കാർ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യത്തിൽ കേന്ദ്രമാണ് അന്വേഷണം നടത്തേണ്ടതെന്ന് ഹർജിക്കാർ മറുപടി നൽകി.

ഫോൺകോൾ വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുംമാത്രമേ സാധിക്കൂവെന്ന് ഐ.ടി. നിയമവും ചട്ടങ്ങളും പറയുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ സി.യു. സിങ് വ്യക്തമാക്കി. നിങ്ങൾക്ക് പരാതി നൽകാമായിരുന്നില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, കാര്യക്ഷമമായ പരിഹാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഐ.ടി. നിയമത്തിലെ 66-എയുടെ കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോൾ, പ്രസ്തുതവകുപ്പ് റദ്ദാക്കപ്പെട്ടകാര്യം ഹർജിക്കാർ ഓർമിപ്പിച്ചു. ഐ.ടി. നിയമത്തിലെ 66-ാം വകുപ്പും ടെലിഗ്രാഫ് നിയമവും ഉണ്ടല്ലോയെന്ന് കോടതി പറഞ്ഞു.

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെങ്കിൽ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ലെന്നും കോടതി ആരാഞ്ഞു. ഇത് കുറ്റകൃത്യത്തിന്റെമാത്രം പ്രശ്നമല്ലെന്നും ഭരണഘടനാ വിഷയമാണെന്നും മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ പറഞ്ഞു. വ്യക്തിപരമായ പ്രശ്നമല്ലാത്തതിനാൽ സ്വതന്ത്രസമിതിയുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവരം ചോർത്തിയിട്ടില്ലെന്നാണ് 2019-ൽ അന്നത്തെ ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ പറഞ്ഞതെന്ന് ജോൺ ബ്രിട്ടാസിനുവേണ്ടി മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. എന്നാൽ, ചോർത്തൽ നടന്നിട്ടുണ്ടെന്ന് ഇപ്പോൾ മനസ്സിലായ സാഹചര്യത്തിൽ അന്വേഷണം വേണം.

മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ പരാതികളെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. എന്നാൽ, വിദേശത്തെ കോടതികൾ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കാലിഫോർണിയ കോടതിയിൽ ഇതുസംബന്ധിച്ച കേസ് നടക്കുന്നുണ്ട്. യു.എസും ഫ്രാൻസും പെഗാസസ് വിഷയത്തിൽ ഇസ്രയേൽ സർക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. അതിനാൽ ഇതൊന്നും വെറും മാധ്യമറിപ്പോർട്ട് മാത്രമല്ലെന്ന് ശ്യാം ദിവാൻ അറിയിച്ചു.

കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, സംസ്ഥാനങ്ങളും പെഗാസസ് വാങ്ങിയിട്ടുണ്ടാകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. താത്പര്യമുള്ള സർക്കാരുകൾക്കാണ് കമ്പനി പെഗാസസ് വിൽക്കുന്നതെന്ന് താൻ വായിച്ചതായും അദ്ദേഹം അറിയിച്ചു. ഒട്ടേറെ പരാതികളുള്ളതിനാൽ കേന്ദ്രസർക്കാരിനെ കേൾക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേസ് ചൊവ്വാഴ്ചത്തേക്ക്‌ മാറ്റി.

യശ്വന്ത് സിൻഹയും സുപ്രീംകോടതിയിൽ

: പെഗാസസ് ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.നേതാവുമായിരുന്ന യശ്വന്ത് സിൻഹ സുപ്രീംകോടതിയിൽ ഹർജി നൽകി. സ്വന്തം പൗരൻമാരുടെ വിവരം ചോർത്താൻ കേന്ദ്രസർക്കാർതന്നെ വിദേശ സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. വിദേശ ഏജൻസിയോ ഇന്ത്യൻ ഏജൻസിയോ തങ്ങളുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടോയെന്നറിയാൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും ഹർജിയിൽ പറഞ്ഞു.

പെഗാസസ് വിഷയത്തിൽ വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെ, യശ്വന്ത് സിൻഹയുടെ ഹർജിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.