ന്യൂഡല്‍ഹി: വാഹനാപകട നഷ്ടപരിഹാര ഹർജികളിൽ ഹർജിക്കാർ ചോദിച്ചതിനെക്കാളേറെ നഷ്ടപരിഹാരം വിധിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി ഇസ്മായിലിന്റെ ഭാര്യ റംല നല്‍കിയ പരാതിയില്‍ അധികനഷ്ടപരിഹാരം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എന്‍.വി. രമണ, എം.എം. ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചിന്റെ വിധി.

മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽ റംല 25 ലക്ഷമായിരുന്നു നഷ്ടപരിഹാരമാവശ്യപ്പെട്ടത്. എന്നാൽ, 28 ലക്ഷം രൂപ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമത്തിലെ 168-ാം വകുപ്പ് പ്രകാരം ട്രിബ്യൂണലുകളുടെയും കോടതികളുടെയും കര്‍ത്തവ്യം ’കേവല നഷ്ടപരിഹാരം’ വിധിക്കല്‍ മാത്രമല്ല. പരാതിക്കാര്‍ ചോദിച്ചതിലേറെ നഷ്ടപരിഹാരം നല്‍കുന്നതിന് കോടതിക്കുമേല്‍ നിയന്ത്രണങ്ങളില്ല - ബെഞ്ച് വ്യക്തമാക്കി.

ദോഹയിലെ അല്‍ റവാബി ഫുഡ് സെന്ററില്‍ ജോലിചെയ്തിരുന്ന ഇസ്മായില്‍ 2008-ലാണ് നാട്ടില്‍വെച്ച് വാഹനാപകടത്തില്‍ മരിച്ചത്. ഭാര്യയും രണ്ട് ചെറിയ കുട്ടികളും പ്രായമായ പിതാവും ഇസ്മായിലിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റംല നൽകിയ പരാതിയില്‍ വടകരയിലെ മോട്ടോര്‍ വാഹനാപകട ട്രിബ്യൂണല്‍ 11,83,000 രൂപ നഷ്ടപരിഹാരം വിധിച്ചു. ഇതിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. തുക കുറഞ്ഞുപോയെന്നു കാണിച്ച് റംലയും കോടതിയെ സമീപിച്ചു. ഹൈക്കോടതി നഷ്ടപരിഹാരം 21.53 ലക്ഷമാക്കി വര്‍ധിപ്പിച്ചു. തുടർന്നാണ് റംല സുപ്രീംകോടതിയെ സമീപിച്ചത്.

ഇസ്മായില്‍ ജോലിചെയ്ത കമ്പനിയില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റിലെ ശമ്പളം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് തെറ്റുപറ്റിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതിമാസം 30,000 രൂപയാണ് അന്ന് ഇസ്മായിലിന് ലഭിച്ചിരുന്നത്. അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ദോഹയില്‍ ചെലവിനായി വേണ്ടിവരുമെന്നാണ് ഹൈക്കോടതി കണക്കാക്കിയത്. എന്നാല്‍, വരുമാനത്തിന്റെ 40 ശതമാനമേ ചെലവിനായി കണക്കാക്കേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. തുടര്‍ന്നാണ് 28 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്. തുക നല്‍കാന്‍ വൈകുംതോറും എട്ടു ശതമാനം പലിശയും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കണം.

Content Highlight: supreme court on motor accident claims