ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് കാറോടിച്ചുകയറ്റിയും തുടർന്നുണ്ടായ സംഘർഷത്തിലും എട്ടുപേർ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണം തീരാക്കഥയായി മാറരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. അന്വേഷണത്തിൽ പോലീസ് ബോധപൂർവം ഇഴഞ്ഞുനീങ്ങുന്നുവെന്ന പ്രതീതി മാറ്റണം. മുഴുവൻ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തണമെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കേസിന്റെ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ കടുത്ത അതൃപ്തിയറിയിച്ച സുപ്രീംകോടതി, കേസ് ഈമാസം 26-ലേക്ക് മാറ്റി.

44 സാക്ഷികളിൽ നാലുപേരുടെ മൊഴി മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത് എന്നറിയിച്ചപ്പോൾ കോടതി അതൃപ്തി തുറന്നുകാട്ടി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ പ്രതിയായ കേസിൽ എത്രപേരെ അറസ്റ്റു ചെയ്തുവെന്നത് ഉൾപ്പെടെ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്ന ബുധനാഴ്ച പുലർച്ചെ ഒരു മണിവരെ കാത്തിരുന്നിട്ടും റിപ്പോർട്ട് ലഭിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുദ്രവെച്ച കവറിൽ രാവിലെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കോടതിമാത്രം പരിശോധിച്ചാൽ മതിയെന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും യു.പി. സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു.

ബാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ആരാഞ്ഞപ്പോൾ അത് നടന്നുവരുകയാണെന്ന് സാൽവെ അറിയിച്ചു. പ്രതികളോട് ഒരു ദയയുമില്ലെന്നും അവരെല്ലാം ഇപ്പോൾ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കുറ്റകൃത്യങ്ങളാണ് നടന്നത്. സമരക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയതാണ് ഒന്ന്. കാറിലുണ്ടായിരുന്ന പ്രതികളിൽ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ കേസെന്നും സാൽവെ പറഞ്ഞു.

ആദ്യ കേസിനെക്കുറിച്ചാണ് തങ്ങൾ ചോദിക്കുന്നതെന്നും അതിൽ എത്രപേർ പോലീസ് കസ്റ്റഡിയിലും ജുഡീഷ്യൽ കസ്റ്റഡിയിലുമുണ്ടെന്നും കോടതി ചോദിച്ചു. ആശിഷ് മിശ്ര ഉൾപ്പെടെ പത്ത് പ്രതികളെയും അറസ്റ്റുചെയ്തുവെന്നും അതിൽ നാലുപേർ പോലീസ് കസ്റ്റഡിയിലും ബാക്കിയുള്ളവർ ജയിലിലുമാണെന്നും സാൽവെ അറിയിച്ചു.

ആറുപേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ ചോദിക്കാത്തതുകൊണ്ടാണോ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് കോടതി ചോദിച്ചു. അവരെ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷമാണ് ജയിലിലയച്ചതെന്ന് സാൽവെ പറഞ്ഞു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ ലഭിച്ചതെല്ലാം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സാൽവെ അറിയിച്ചപ്പോൾ ഇതൊരു തീരാക്കഥയായി മാറരുതെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി.

content highlights: supreme court on lakhimpur incident enquiry