ന്യൂഡൽഹി : ബക്രീദിന്‌ മുന്നോടിയായി കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന്‌ ദിവസം ഇളവനുവദിച്ച കേരളത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

പൗരൻമാരുടെ മൗലികാവകാശത്തിൽ ഒരുതരത്തിലും ഇടപെടാൻ മതപരമോ അല്ലാത്തതോ ആയ സമ്മർദശക്തികളെ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന നടപടിയല്ല സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) 15 ശതമാനത്തിലേറെയുള്ള സ്ഥലങ്ങളിൽപ്പോലും ഇളവനുവദിച്ചത് ഭയാനക സാഹചര്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഇളവനുവദിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാരിന്റെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കിയില്ല. എന്നാൽ, ഇളവുകൊണ്ട് കോവിഡ് വ്യാപനമുണ്ടായതായി പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. ബക്രീദിന് ഇളവനുവദിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ ഡൽഹിയിലെ പി.കെ.ഡി. നമ്പ്യാർ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.

മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന മഹാമാരിയിൽ സമ്മർദശക്തികൾക്ക്‌ വഴങ്ങിയത് ദയനീയ അവസ്ഥയാണെന്ന് സുപ്രീംകോടതി പറഞ്ഞു. കച്ചവടക്കാരിൽനിന്ന് ഉറപ്പുവാങ്ങൽ, കഴിയുന്നതും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ കടയിൽ പോകൽ തുടങ്ങിയ നിർദേശങ്ങളൊന്നും രാജ്യത്തെ ജനങ്ങളുടെയോ സുപ്രീംകോടതിയുടെയോ വിശ്വാസമാർജിക്കുന്നതല്ല. ഡി വിഭാഗത്തിൽപ്പെട്ട (ടി.പി.ആർ. 15 ശതമാനത്തിന് മുകളിൽ) സ്ഥലങ്ങളിൽ ഒരു ദിവസം ഇളവ് നൽകാനുള്ള നടപടി പാടില്ലായിരുന്നു.

കാവടിയാത്ര അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരേ സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവുകൾ കേരളവും നടപ്പാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.