ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനുള്ള അധികാരം നിയമനിർമാണത്തിലൂടെപ്പോലും എടുത്തുകളയാനാവില്ലെന്ന് സുപ്രീം കോടതി. ശിക്ഷിക്കാനുള്ള അധികാരം കോടതികൾക്ക് ഭരണഘടനാപരമായി ലഭിച്ചതാണെന്നും കോടതി വ്യക്തമാക്കി.

നിരന്തരം പൊതുതാത്‌പര്യഹർജികൾ നൽകി ജഡ്ജിമാരുടെ സമയം മെനക്കെടുത്തുകയും കോടതിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് സന്നദ്ധസംഘടനയായ സുരാസ് ഇന്ത്യ ട്രസ്റ്റിന്റെ ചെയർമാൻ രാജീവ് ദയ്യയ്ക്ക് 25 ലക്ഷം പിഴവിധിച്ചിരുന്നു. പിഴയടയ്ക്കാത്ത കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭൂവരുമാനകുടിശ്ശിക പിരിക്കുന്നപോലെ രാജീവ് ദയ്യയുടെ സ്വത്തുക്കളിൽനിന്ന് പിഴയീടാക്കാനുത്തരവിട്ട കോടതി, കോടതിയലക്ഷ്യത്തിലെ ശിക്ഷാവിധി ഒക്ടോബർ ഏഴിലേക്കുമാറ്റി. തുകയടയ്ക്കാൻ കഴിവില്ലെന്നുവാദിച്ച രാജീവ് ദയ്യ രാഷ്ട്രപതിക്ക് ഹർജി നൽകുമെന്ന് കോടതിയിൽ പറഞ്ഞു.

64 പൊതുതാത്‌പര്യഹർജികളാണ് ഒരു വർഷത്തിനുള്ളിൽ ഇയാൾ നൽകിയത്. ഒന്നിനുപോലും അനുകൂലവിധി ലഭിച്ചില്ല. കോടതിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 2017-ലാണ് സുപ്രീംകോടതി ദയ്യയ്ക്ക് പിഴചുമത്തിയത്. പിഴയൊഴിവാക്കാൻ ഇയാൾ നൽകിയ ഹർജി കോടതി തള്ളി. എന്നിട്ടും പിഴയടയ്ക്കാത്തതിനെത്തുടർന്ന് ജൂലായിലാണ് കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. ദയ്യ നൽകിയ എല്ലാഹർജികളും കോടതിയെ അപകീർത്തിപ്പെടുത്താനുള്ളതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ദയ്യ നൽകിയ മാപ്പപേക്ഷയും സത്യന്ധമല്ലെന്നും പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻമാത്രം ഉദ്ദേശിച്ചുള്ളതാണെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവർ വിധിച്ചു. മാപ്പപേക്ഷയിലും കോടതിക്കെതിരേ ആരോപണങ്ങളുന്നയിച്ചത് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരനായതിനാൽ ദയ്യയ്ക്കെതിരായ അച്ചടക്കനടപടികളെക്കുറിച്ച്‌ വിശദീകരിക്കാൻ രാജസ്ഥാൻ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകനായ മനീഷ് സിങ്‌വിയും ഹാജരായി.