ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീംകോടതിയുടെ ഭരണസംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരേ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയത്. നീതിന്യായ സംവിധാനം സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടാവസ്ഥയിലാവുമെന്ന് ഇവര്‍ തുറന്നടിച്ചു.

സുപ്രീംകോടതിയില്‍ കുറച്ചുകാലമായി ശരിയല്ലാത്ത കാര്യങ്ങള്‍ നടക്കുന്നതായി മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായിവിളിച്ചുപറഞ്ഞപ്പോള്‍ അത് കേട്ടുകേള്‍വിയില്ലാത്ത സംഭവമായി. കോടതിയുടെ പ്രവര്‍ത്തനങ്ങളുടെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടിയിട്ടും ചീഫ് ജസ്റ്റിസ് നടപടിയെടുത്തില്ലെന്നും അതുകൊണ്ടാണ് വളരെ വേദനയോടെ പത്രസമ്മേളനം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.

ജഡ്ജിമാരുടെ സമാനതകളില്ലാത്ത നീക്കം രാജ്യത്തെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ചര്‍ച്ച നടത്തി.

കുറച്ചുമാസങ്ങളായി ക്രമവിരുദ്ധമായ കാര്യങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ആമുഖമായി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് കോടതി നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നാലു ജഡ്ജിമാരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴ് പേജുള്ള കത്തും പുറത്തുവിട്ടു.

ബെഞ്ച് നോക്കി കേസുകള്‍ കൊടുക്കുന്ന ചീഫ് ജസ്റ്റിസിന്റെ നടപടിയെയാണ് ജഡ്ജിമാര്‍ മുഖ്യമായും വിമര്‍ശിക്കുന്നത്. മറ്റു ജഡ്ജിമാരെക്കാള്‍ മുകളിലോ താഴെയോ അല്ല ചീഫ് ജസ്റ്റിസ്. സമന്മാരില്‍ മുമ്പന്‍ മാത്രമാണ് അദ്ദേഹം. കേസുകള്‍ ഏത് ബെഞ്ചു കേള്‍ക്കണമെന്നത് ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന രീതിയാണ് പിന്തുടര്‍ന്നുവരുന്നത്. എന്നാല്‍, അത് മറ്റു ജഡ്ജിമാരെക്കാള്‍ അദ്ദേഹത്തെ മുകളിലാക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ, സി.ബി.ഐ. പ്രത്യേക ജഡ്ജി ബി.എച്ച്. ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ജഡ്ജിമാരുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. ജഡ്ജിമാരുള്‍പ്പെട്ട അഴിമതിക്കേസില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാന്‍ ചീഫ് ജസ്റ്റിസ് തിടുക്കത്തില്‍ അഞ്ചംഗ ബെഞ്ച് വിളിച്ചുചേര്‍ത്തത് അടുത്തിടെ വിവാദമായിരുന്നു. ബെഞ്ച് രൂപവത്കരിക്കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കുകയുമുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ജഡ്ജിമാരുടെ പ്രതിഷേധം.

കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ച ഏഴംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് ഗോഗോയിയും പ്രത്യേക വിധിന്യായമെഴുതിയിരുന്നു. ജഡ്ജിമാരുടെ നിയമനരീതി പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ക്കെതിരേ ഇംപീച്ച്‌മെന്റിലൂടെയല്ലാതെ നടപടിയെടുക്കാന്‍ സംവിധാനം വേണമെന്നും ഇവര്‍ രേഖപ്പെടുത്തിയിരുന്നു.

ചീഫ് ജസ്റ്റിസിനെതിരേയും സുപ്രീംകോടതി കൊളീജിയത്തിലും ജസ്റ്റിസ് ചെലമേശ്വര്‍ വിമതസ്വരമുയര്‍ത്തുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ക്കഥകൂടിയാണ് വെള്ളിയാഴ്ചത്തെ നാടകീയസംഭവങ്ങള്‍.

ജുഡീഷ്യറിയുടെ ആഭ്യന്തരവിഷയം -കേന്ദ്രം

ന്യൂഡല്‍ഹി:
സുപ്രീംകോടതിയിലെ സംഭവവികാസങ്ങള്‍ ജുഡീഷ്യറിയുടെ ആഭ്യന്തരവിഷയങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്ര നിയമസഹമന്ത്രി പി.പി. ചൗധരി പറഞ്ഞു.

ഇന്ത്യയുടെ ജുഡീഷ്യറി ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന സംവിധാനമാണ്. സ്വതന്ത്രമാണ്. പ്രശ്‌നങ്ങള്‍ ജുഡീഷ്യറി തന്നെ സ്വയം പരിഹരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഉന്നത നീതിപീഠം വിഷയം എത്രയും വേഗം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും നീതിന്യായവ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തുലാസില്‍ തൂങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.