ന്യൂഡൽഹി: ജമ്മുകശ്മീരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നതിനെതിരേ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിനും ജമ്മുകശ്മീർ അധികൃതർക്കും സുപ്രീംകോടതി നോട്ടീസയച്ചു. കശ്മീർ ടൈംസ് എക്സിക്യുട്ടീവ് എഡിറ്റർ അനുരാധാ ഭാസിൻ, കോൺഗ്രസ് നേതാവ് തെഹ്സീൻ പൂനവാല എന്നിവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. ഏഴുദിവസത്തിനകം മറുപടി നൽകണം.
മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കണമെന്ന് അനുരാധാ ഭാസിനുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദാഗ്രോവർ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം 24 ദിവസമായി ജനങ്ങൾക്ക് ഒരു വിവരവും അറിയാൻ കഴിയുന്നില്ല. മാധ്യമപ്രവർത്തകർക്ക് കശ്മീരിലും ജമ്മുവിലെ ചില ജില്ലകളിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണം- വൃന്ദ ആവശ്യപ്പെട്ടു.
ഫോൺ, ഇന്റർനെറ്റ്, വാർത്താചാനലുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് പൂനാവാലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. 370-ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെക്കുറിച്ച് ഒരഭിപ്രായവും പറയുന്നില്ല. ജനങ്ങൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയണം. അവരുടെ ക്ഷേമത്തെക്കുറിച്ച് അറിയാനും അവസരമുണ്ടാകണം. സംസ്ഥാനത്തെ സാഹചര്യം അന്വേഷിക്കുന്നതിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
Content highlights; Supreme Court issued notice to Center on Media freedom in Kashmir Valley