ന്യൂഡൽഹി: അമരാവതിയിലെ ബിനാമി ഭൂമിയിടപാട് വിഷയത്തിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി വി. ഈശ്വരയ്യയും മുൻ ജില്ലാ മുൻസിഫ് മജിസ്‌ട്രേറ്റും തമ്മിലുണ്ടായ ഫോൺസംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സാധ്യമല്ലെന്ന് സുപ്രീംകോടതി. ഫോൺകോൾ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിക്കെതിരേ ജസ്റ്റിസ് ഈശ്വരയ്യ നൽകിയ ഹർജി വിധിപറയാൻ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് അശോക്ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
ജസ്റ്റിസ് ഈശ്വരയ്യയും സസ്പെൻഡ് ചെയ്യപ്പെട്ട ജില്ലാ മുൻസിഫ് മജിസ്ട്രേറ്റ് എസ്. രാമകൃഷ്ണനും തമ്മിൽ നടത്തിയ ഫോൺസംഭാഷണത്തെക്കുറിച്ചാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിക്കുമെതിരാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. തനിക്ക് നോട്ടീസ് പോലുമയക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ വഴി ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് ഈശ്വരയ്യ ആരോപിച്ചു.
Content Highlights: Supreme Court India