ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി.യുടെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്തതായി മഹാരാഷ്ട്ര പോലീസിന്റെ എഫ്.ഐ.ആർ. പ്രഥമദൃഷ്ട്യാ പരിശോധിക്കുമ്പോൾ കാണുന്നില്ലെന്ന് സുപ്രീംകോടതി. അർണാബിനു ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഇക്കാര്യം പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്നും ക്രിമിനൽ നിയമങ്ങൾ ചിലരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കാനുള്ള ഉപകരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു.
അർണാബിന് ഇടക്കാല ജാമ്യം അനുവദിച്ച നവംബർ 11-ലെ ഉത്തരവിന്റെ വെള്ളിയാഴ്ച പുറത്തുവിട്ട വിശദമായ രൂപത്തിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. ടി.വി. ചാനലിലൂടെ വിമർശിച്ചതിന് മഹാരാഷ്ട്ര സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് പരാതിപ്പെട്ടയാളുടെ പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ചപറ്റി. പ്രതി തെളിവ് നശിപ്പിക്കാനോ എവിടേക്കെങ്കിലും രക്ഷപ്പെട്ടുപോകാനോ സാധ്യതയുണ്ടോയെന്നാണു പരിശോധിക്കേണ്ടത്. സ്വാതന്ത്ര്യം ചിലർക്കുമാത്രമുള്ള സമ്മാനമാകരുത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പിൽ പറയുംപ്രകാരം ആത്മഹത്യാ പ്രേരണ അർണാബ് നടത്തിയതായി കാണുന്നില്ല. ചെയ്ത ജോലിക്ക് ലഭിക്കേണ്ട പണം അർണാബിന്റെ സ്ഥാപനം നൽകിയില്ലെന്നാണ് മരിച്ചയാളുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് അക്കൗണ്ടന്റിനോട് സംസാരിച്ചകാര്യമാണ് പരാതിയിൽ പറയുന്നത്. ആത്മഹത്യാ പ്രേരണയിൽ വരുന്ന കാര്യമല്ല ഇതെന്നും സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി.
ആത്മഹത്യപ്രേരണ നടത്തിയെന്ന് പറയണമെങ്കിൽ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതിൽ പ്രതി സജീവമായ പങ്കുവഹിച്ചിരിക്കുകയോ ആത്മഹത്യ നടത്താൻ സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്തിരിക്കണമെന്നാണ് അമലേന്ദുപാൽ കേസിൽ സുപ്രീംകോടതി പറഞ്ഞത്. മരിച്ചയാളുടെ മനോവേദനയാണ് ആത്മഹത്യാ കുറിപ്പിൽ കാണിക്കുന്നതെന്നും അതിനെ പ്രതിയുടെ ഭാഗത്തുനിന്നുള്ള മനഃപൂർവമുള്ള നടപടിയായി കാണാനാവില്ലെന്നും മദൻ മോഹൻ സിങ് കേസിലും പറഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യമെന്നത് ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്നും ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും ഹൈക്കോടതികളോടും ജില്ലാ കോടതികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ അടിസ്ഥാന ചട്ടം ബെയിലാണ് (ജാമ്യം) ജയിലല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Content Highlights: supreme Court granted bail to Arnab Goswami