ന്യൂഡൽഹി: കോവിഡ് അടച്ചിടൽകാരണം റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക പൂർണമായും യാത്രക്കാർക്ക് മടക്കിനൽകണമെന്ന കേന്ദ്ര നിലപാടിൽ പത്തുദിവസത്തിനകം മറുപടി നൽകാൻ വിമാനക്കമ്പനികളോട് സുപ്രീംകോടതി. അടച്ചിടൽ ആരംഭിച്ച മാർച്ച് 25 മുതൽ മേയ് മൂന്നുവരെയുള്ള ടിക്കറ്റുകൾ റദ്ദാക്കിയതിന്റെ തുക മടക്കിനൽകുന്നത് സംബന്ധിച്ച് വിമാനക്കമ്പനികൾ നിലപാടറിയിക്കണം. അടച്ചിടൽ കാലത്തിനുമുമ്പ് ബുക്കുചെയ്ത് റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ കാര്യത്തിൽ കേന്ദ്രവും നിലപാടറിയിക്കണം. കേസ് 23-ന് വീണ്ടും പരിഗണിക്കും.
സർവീസുകൾ പുനരാരംഭിച്ച സ്ഥിതിക്ക് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക മടക്കിനൽകേണ്ടതല്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. അതേസമയം, വിമാനക്കമ്പനികൾ ക്രെഡിറ്റ് ഷെല്ലിൽ പറയുന്ന സമയത്ത് യാത്രചെയ്യാനല്ല യാത്രക്കാർ ആഗ്രഹിക്കുന്നതെന്നും അതിനാൽ മുഴുവൻ തുകയും മടക്കിനൽകണമെന്നും ഹർജിക്കാരായ പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.
ടിക്കറ്റ് തുക മടക്കിനൽകുന്നതു സംബന്ധിച്ച് കേന്ദ്രനിലപാടിനോട് ഭാഗികമായി യോജിക്കുന്നതായി എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ പറഞ്ഞു. കേന്ദ്രത്തിന്റെ ഫോർമുലയോട് സ്പൈസ്‌ജെറ്റും യോജിച്ചു. എന്നാൽ, ചില കാര്യങ്ങളിൽ എതിർപ്പുണ്ടെന്ന് ഗോ എയർ അറിയിച്ചു. ഇൻഡിഗോ, എയർ വിസ്താര, എയർ ഏഷ്യ എന്നിവർ മറുപടി നൽകാൻ സമയംതേടി.
അടച്ചിടൽകാലത്ത് യാത്രചെയ്യാനായി കഴിഞ്ഞവർഷം ഡിസംബറിലെടുത്ത ടിക്കറ്റ് റദ്ദാക്കപ്പെട്ടുവെന്നും അതിന്റെ തുക മടക്കിനൽകുമോയെന്ന് വ്യക്തമാക്കണമെന്നും അഡ്വ. ലിസ് മാത്യു ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലും റീഫണ്ട് ലഭ്യമാക്കണം. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക മടക്കിനൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
അടച്ചിടലിനെത്തുടർന്ന് റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ മുഴുവൻ തുകയും കമ്പനികൾ 15 ദിവസത്തിനകം യാത്രക്കാർക്ക് തിരിച്ചുനൽകണമെന്ന് വ്യോമയാന മന്ത്രാലയം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. സാമ്പത്തികപ്രതിസന്ധിയുള്ള വിമാനക്കമ്പനികൾക്ക് വേണമെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകാം. ഈ ഫോർമുല സംബന്ധിച്ച നിലപാടാണ് വിമാനക്കമ്പനികൾ അറിയിക്കേണ്ടത്.
Content Highlights: Supreme court Flight tickets