ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട (പോക്സോ) കേസുകൾക്ക് മാത്രമായി പ്രത്യേകം പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി.
ഇതുസംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ മറ്റു വിഷയങ്ങൾ കൈകാര്യംചെയ്യരുത്. പോക്സോ നിയമത്തിന്റെ 32-ാം വകുപ്പിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിന് ഇരകളായ കുട്ടികളെയും സാക്ഷികളെയും കൈകാര്യംചെയ്യാൻ പ്രത്യേക പരിശീലനവും പ്രോസിക്യൂട്ടർമാർക്ക് ലഭിച്ചിരിക്കണം. ഓരോ സംസ്ഥാനത്തും പോയി ഇവർക്ക് പരിശീലനം നൽകാൻ മാസ്റ്റർ ട്രെയിനർമാരുടെ സംഘത്തെ കണ്ടെത്താൻ നാഷണൽ ജുഡീഷ്യൽ അക്കാദമിയോടും കോടതി ആവശ്യപ്പെട്ടു. കുട്ടികളുടെ മനശ്ശാസ്ത്രം, പെരുമാറ്റം, ആരോഗ്യ വിഷയങ്ങൾ എന്നിവയിലെല്ലാം പരിശീലനം ഉറപ്പുവരുത്താൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും സുപ്രീംകോടതി അഭ്യർഥിച്ചു.
നൂറോ അതിലധികമോ പോക്സോ കേസുകൾ നിലനിൽക്കുന്ന ജില്ലകളിൽ ഇതിനായിമാത്രം പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീംകോടതി ജൂലായ് 25-ന് ഉത്തരവിട്ടിരുന്നു. രണ്ടു മാസത്തിനകം സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത കേസിലാണ് നടപടി. പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഓരോ ജില്ലയിലും ഫൊറൻസിക് ലാബുകൾ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി വി. ഗിരി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കോടതി നിർദേശം നൽകിയിട്ടില്ല. എന്നാൽ, ഫൊറൻസിക് റിപ്പോർട്ടുകൾ യഥാസമയം സമർപ്പിക്കാൻ സർക്കാരുകൾ തയ്യാറാവണമെന്ന് കോടതി പറഞ്ഞു. നിലവിലെ ലാബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും വേണം. 2014-നും 18-നുമിടയിൽ ശരാശരി 24 ശതമാനം പോക്സോ കേസുകൾ മാത്രമാണ് തീർപ്പാക്കിയതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരുന്നു.
Content Highlights: supreme court directs to appoint special prosecutors for pocso cases