ന്യൂഡൽഹി: റോഡിലെ കുഴികൾ കാരണം അഞ്ചുവർഷത്തിനിടെ 15,000 പേർക്ക് ജീവൻ പൊലിഞ്ഞതിൽ കടുത്ത ആശങ്കയറിയിച്ച് സുപ്രീംകോടതി. അതിർത്തിയിലോ ഭീകരാക്രമണത്തിലോ പോലും ഇത്രയുംപേർ കൊല്ലപ്പെടുന്നില്ലെന്ന് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2013 മുതൽ 2017 വരെ 14,926 പേരാണ് റോഡിലെ കുഴികൾ കാരണമുണ്ടായ അപകടങ്ങളിൽ മരിച്ചത്. റോഡിലെ കുഴികൾ കാരണം ഇത്രയധികം പേർ മരിക്കുന്നത് അംഗീകരിക്കാനാവില്ല -റോഡ് സുരക്ഷ സംബന്ധിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. അധികൃതർ റോഡ് പരിപാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്രയധികം മരണം. അതേസമയം, റോഡിലെ കുഴികളിൽവീണുള്ള അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നതിന്റെ കണക്കുമില്ല. ഇത്തരം കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുമില്ല -കോടതി ചൂണ്ടിക്കാട്ടി. റോഡിലെ കുഴികൊണ്ടുള്ള അപകടത്തിൽ മരിക്കുന്നവർക്കും നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളുമായും സംസാരിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ പറഞ്ഞു. റോഡ് ഗതാഗതമന്ത്രാലയത്തിൽ നിന്നാണ് അപകടമരണത്തിന്റെ കണക്കെടുത്തത്. റോഡപകടങ്ങളിലും വാഹനമിടിച്ച് നിർത്താതെ പോകുന്ന കേസുകളിലും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. റോഡിലെ കുഴികളുടെ, പ്രത്യേകിച്ച് മുംബൈയിലെ വിഷയവും കോടതി പരിഗണിക്കുന്നുണ്ട്. മുംബൈയിൽ മാത്രം റോഡിൽ 4,000 കുഴികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.