ന്യൂഡൽഹി: അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച മഹാരാഷ്ട്ര സർക്കാരിന്റെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം ബലികഴിക്കാനാവില്ലെന്നും ഈ കേസ് ‘കഴുകൻകണ്ണുകളോടെ’ നിരീക്ഷിക്കുമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌ വ്യക്തമാക്കി. അറസ്റ്റിലായവർക്ക് നിരോധിത മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ ആവർത്തിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.

കേസിൽ വാദം വ്യാഴാഴ്ചയും തുടരും. അതുവരെ അറസ്റ്റിലായവരുടെ വീട്ടുതടങ്കൽ തുടരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് വരവര റാവു, അഡ്വ. സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവരെ പുണെ പോലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവ് മേഖലയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

സംഭവത്തിൽ കോടതി മേൽനോട്ടത്തോടെയുള്ള എസ്.ഐ.ടി. അന്വേഷണം വേണമെന്ന് ഹർജിക്കാർ ആവർത്തിച്ചു. ഇവർക്ക് ക്രിമിനൽപശ്ചാത്തലമുണ്ടെന്ന പോലീസിന്റെ വാദം ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി തള്ളി. വരവര റാവുവിന്റെ പേരിൽ ഇരുപത്തഞ്ചും അരുൺ ഫെരേരയുടെ പേരിൽ പതിനൊന്നും കേസുകളുണ്ടായിരുന്നെങ്കിലും അതിലെല്ലാം അവരെ വെറുതേവിട്ടിരുന്നു. വെർനൺ ഗോൺസാൽവസിന്റെ പേരിൽ 19 കേസുള്ളതിൽ 17-ലും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. മറ്റു രണ്ടുകേസുകളിൽ തീർപ്പായിട്ടില്ല. മറ്റു പ്രതികൾക്കെതിരേ കേസുകളില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

ഭീമ-കൊരേഗാവ് സംഘർഷത്തിനു പിന്നിൽ ഹിന്ദുത്വപ്രവർത്തകരായ സാംഭാജി ഭീഡെയും മിലിന്ദ് എക്‌ബോത്തെയുമാണെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ആദ്യ നിലപാടും സിങ്‌വി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി. ചന്ദ്രകുമാർ അധ്യക്ഷനായ അന്വേഷണസമിതിയും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർക്ക് ഭീമ- കൊരേഗാവിൽ പരിപാടി നടത്തിയ സംഘടനയുമായി ബന്ധമില്ല. അവരവിടെ പോയിട്ടുമില്ല -സിങ്‌വി കോടതിയിൽ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരേ റോമില ഥാപ്പർ, പ്രഭാത് പട്‌നായിക്, ദേവകി ജെയ്ൻ, സതീഷ് ദേശ്പാണ്ഡെ, മജാ ദാരുവാല എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് ഇവരെ വീട്ടുതടങ്കലിൽവെച്ചാൽ മതിയെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.