കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. രണ്ടു കോളേജുകളിലുമായി 180 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. അതും റദ്ദാക്കിയത് സർക്കാരിനു കനത്ത തിരിച്ചടിയായി.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ.)യുടെ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ഏപ്രിലിൽ തന്നെ സുപ്രീംകോടതി ഓർഡിനൻസ് സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികൾ മറികടക്കാൻ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കോടതിയുടെ പ്രവർത്തനങ്ങളിലും അധികാരത്തിലും കടന്നുകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത് -ബെഞ്ച് നിരീക്ഷിച്ചു. വിധി മറികടക്കാൻ ബിൽ കൊണ്ടുവന്നത് കോടതിയലക്ഷ്യമല്ലേയെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിൽ നടത്തുന്ന കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2016-’17 വർഷത്തെ എം.ബി.ബി.എസ്. പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. ഓൺലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുകോളേജുകൾക്കും ഒരുലക്ഷംരൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. കോളേജുകളുടെ ഹർജിയിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചത്. വിദ്യാർഥികൾ നൽകിയ പുനഃപരിശോധനാഹർജിയും തള്ളിയിരുന്നു. ഇതിനുശേഷമാണ് ഇരുകോളേജുകളിലെയും പ്രവേശനം ക്രമപ്പെടുത്താൻ ഓർഡിനൻസ് ഇറക്കിയത്.

കോടതിവിധി മറികടക്കാനാണ് ഓർഡിൻസ് എന്നും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും എം.സി.ഐ. വാദിച്ചു. പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് സർക്കാർ ‘കേരള പ്രൊഫഷണൽ കോളേജസ് (മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തൽ) ഓർഡിനൻസ് 2017’ ഇറക്കിയത്. ഓർഡിനൻസിൽ ഒപ്പുവെക്കാൻ ഗവർണർ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ പി. സദാശിവം തയ്യാറായിരുന്നില്ല. ഒപ്പുവെക്കാൻ ഗവർണറോട്‌ നിർദേശിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ വാദവും സുപ്രീംകോടതി തള്ളിയിരുന്നു.

സംസ്ഥാനസർക്കാർ വാദം:

കോളേജുകളുടെ വീഴ്ചയ്ക്ക്, തെറ്റുകാരല്ലാത്ത വിദ്യാർഥികൾ പ്രയാസപ്പെടരുതെന്ന് കരുതിയാണ് ഓർഡിനൻസിറക്കിയത്. ഒറ്റത്തവണത്തേക്കുള്ള ഇളവിനാണ് ഓർഡിനൻസിറക്കിയത്. നീറ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നടത്തിയ കൗൺസലിങ്ങിലൂടെയാണ് പ്രവേശനം നടത്തിയത്. കൗൺസലിങ്ങിനു വരുമ്പോൾ വിദ്യാർഥികൾക്ക് കോളേജ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭാഗ്യമോ ദൗർഭാഗ്യമോ കൊണ്ട് ഈ കോളേജുകൾ തിരഞ്ഞെടുത്ത വിദ്യാർഥികൾ അവരുടേതല്ലാത്ത തെറ്റിനു ശിക്ഷയനുഭവിക്കരുത്.