ന്യൂഡല്‍ഹി: നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമത്തിന് ചെലവിടേണ്ട തുക ലാപ്‌ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങാന്‍ ഉപയോഗിച്ചതായി സുപ്രീംകോടതി വിമര്‍ശം. നിര്‍മാണത്തൊഴിലാളി നിയമമനുസരിച്ച് സെസ് ആയി പിരിച്ചെടുത്ത തുക ഇത്തരത്തില്‍ ചെലവിട്ടത് ഞെട്ടിപ്പിക്കുന്നതായി ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറിയോട് ഈമാസം പത്തിന് നേരിട്ട് ഹാജരാവാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ് ഫണ്ട് വകമാറ്റിയതായി വ്യക്തമാക്കുന്നത്. ക്ഷേമത്തിനായി ചെലവാക്കേണ്ട തുക നിര്‍മാണത്തൊഴിലാളികള്‍ക്ക് ലാപ്‌ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങാന്‍ ഉപയോഗിച്ചതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. നാഷണല്‍ കാമ്പയിന്‍ കമ്മിറ്റി ഫോര്‍ സെന്‍ട്രല്‍ ലെജിസ്ലേഷന്‍ ഓണ്‍ കണ്‍സ്ട്രക്ഷന്‍ ലേബര്‍ എന്ന സന്നദ്ധ സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.

നിര്‍മാണത്തൊഴിലാളികള്‍ക്കുവേണ്ടി ചെലവിടേണ്ട 29,000 കോടി രൂപയുടെ പത്തുശതമാനംപോലും അതിനായി ഉപയോഗപ്പെടുത്തിയില്ല. ചെലവാക്കിയിട്ടുണ്ടെങ്കില്‍ അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.