ന്യൂഡല്‍ഹി: അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവര്‍ അഭിപ്രായം പറയുന്നത് 'അഭിപ്രായ സ്വാതന്ത്ര്യ'ത്തിനുകീഴില്‍ വരുമോയെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് പരിശോധിക്കും.

ഉത്തര്‍പ്രദേശില്‍ മന്ത്രിയായിരുന്ന അസംഖാന്‍ ഒരു ബലാത്സംഗക്കേസില്‍ നടത്തിയ പരാമര്‍ശത്തിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. കേസില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, ഫാലി എസ്. നരിമാന്‍ എന്നിവരാണ് ഇക്കാര്യം വിശാലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് അഭിപ്രായപ്പെട്ടത്. മന്ത്രിമാര്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ അത് സര്‍ക്കാരിന്റെ നയമായി കണക്കാക്കണമെന്ന് ഹാരിഷ് സാല്‍വെ അഭിപ്രായപ്പെട്ടു.

ബുലന്ദ്ശഹറിലെ ഹൈവേയില്‍ യുവതിയും മകളും കൂട്ടമാനഭംഗത്തിനിരയായ കേസ് 'രാഷ്ട്രീയ ഗൂഢാലോചന'യുടെ ഭാഗമാണെന്നായിരുന്നു അന്ന് മന്ത്രിയായിരുന്ന അസംഖാന്റെ പ്രസ്താവന. ഇതിനെതിരെ യുവതിയുടെ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അസംഖാന്റെ മാപ്പപേക്ഷ കോടതി സ്വീകരിച്ചിരുന്നു.

സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

നിയന്ത്രിക്കണം

കോടതിവിധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളിലും അനാവശ്യങ്ങളായ അഭിപ്രായങ്ങളിലും ബെഞ്ച് ഉത്കണ്ഠ പ്രകടിപ്പിച്ചു. ആവശ്യമെങ്കില്‍ അത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും തമ്മില്‍ നടക്കുന്ന സ്വതന്ത്രസംവാദത്തെ തടസ്സപ്പെടുത്തുന്ന എല്ലാത്തിനും നിയന്ത്രണം കൊണ്ടുവരണമെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. കോടതി നടപടികളെക്കുറിച്ചുപോലുമുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നെന്ന പരാതി നേരത്തേ സര്‍ക്കാരിനെതിരേ മാത്രമേ ഉയര്‍ന്നിരുന്നുള്ളൂ. ഇപ്പോള്‍ വ്യക്തികളും സ്ഥാപനങ്ങളും സ്വകാര്യതയില്‍ കടന്നുകയറുകയാണ്- കോടതി പറഞ്ഞു.

ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമത്തിന് പോരായ്മയുണ്ടെന്നും പുതിയ നിയമം അത്യാവശ്യമാണെന്നും നരിമാന്‍ അഭിപ്രായപ്പെട്ടു. ഇതിനോടും ബെഞ്ച് യോജിച്ചു. ജഡ്ജിമാരില്‍ പലരും സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.