ന്യൂഡല്‍ഹി: ജഡ്ജിമാരുള്‍പ്പെട്ട അഴിമതിക്കേസ് പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ ഉത്തരവിനെ മറികടക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വെള്ളിയാഴ്ച വൈകീട്ട് അഞ്ചംഗ ബെഞ്ച് വിളിച്ചുചേര്‍ത്തു. ബെഞ്ച് രൂപവത്കരിക്കാനും അതില്‍ ആരെല്ലാം വേണമെന്ന് നിശ്ചയിക്കാനും ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്ന് അഞ്ചംഗ ബെഞ്ച് ഉത്തരവിറക്കി.

ഒഡിഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് ഉത്തരവിറക്കിയത്. സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ അംഗങ്ങളായിരിക്കണം ബെഞ്ചിലുണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ് അതില്‍ വേണമോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നുമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജസ്റ്റിസ് ചെലമേശ്വറാണ്.

ഇതു മറികടക്കാനാണ്, ചീഫ് ജസ്റ്റിസ് തന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വൈകീട്ട് മൂന്നിന് നാടകീയമായി വിളിച്ചുചേര്‍ത്തത്. ഒരു വിഷയത്തില്‍ ബെഞ്ചുണ്ടാക്കാന്‍ ആര്‍ക്കാണ് നിര്‍ദേശിക്കാനാവുക എന്ന വിഷയം അടിയന്തരമായി പരിഗണിച്ചു. ചീഫ് ജസ്റ്റിസിനോട് ബെഞ്ച് രൂപവത്കരിക്കാനോ അതില്‍ എത്ര അംഗങ്ങള്‍ വേണമെന്ന് നിര്‍ദേശിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. രണ്ടംഗ ബെഞ്ചിനോ മൂന്നംഗ ബെഞ്ചിനോ ഇത്തരത്തില്‍ നിര്‍ദേശമോ ഉത്തരവോ ഇറക്കാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് അസാധുവാക്കി.

ചീഫ് ജസ്റ്റിസ് ആവശ്യപ്പെടാതെ ഒരു ജഡ്ജിക്കും വിഷയം സ്വന്തം നിലയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണും ജഡ്ജിമാരുമായി വലിയ വാക്കേറ്റം തന്നെയുണ്ടായി. സി.ബി.ഐ.യുടെ എഫ്.ഐ.ആറില്‍ ചീഫ് ജസ്റ്റിസിന്റെ പേരുമുണ്ടെന്നും അതിനാല്‍ അദ്ദേഹം ബെഞ്ചില്‍നിന്ന് മാറിനില്‍ക്കണമെന്നും അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് കോടതിയിലെ രംഗം കൂടുതല്‍ വഷളാക്കി. ലഖ്‌നൗവിലെ പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന് മെഡിക്കല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിനായി സുപ്രീംകോടതിയില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കി ജസ്റ്റിസ് ഇസ്രത്ത് മസ്രൂര്‍ ഖുദ്ദസി കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് സി.ബി.ഐ. സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തത്.