ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാവുകയും മെഡിക്കൽ ഓക്സിജന്റെ ലഭ്യത കുറയുകയും ചെയ്തതോടെ സ്വമേധയാ ഇടപെട്ട് സുപ്രീംകോടതി. അവശ്യമരുന്നുകൾ, ഓക്സിജൻ എന്നിവയുടെ ലഭ്യത, വാക്സിനേഷൻ എന്നീ വിഷയങ്ങൾ സുപ്രീംകോടതി പരിഗണിക്കും. വിഷയത്തിൽ ദേശീയ പദ്ധതി വേണമെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസയച്ചു. കേസ് വെള്ളിയാഴ്ച കേൾക്കും.

അടച്ചിടലിന് ഉത്തരവിടാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ടോയെന്നതും സുപ്രീംകോടതി പരിശോധിക്കും. ഇതിന് സുപ്രീംകോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയാക്കി. വിഷയത്തിൽ ഹൈക്കോടതികൾ വ്യത്യസ്ത ഉത്തരവുകളിറക്കുന്നതിലെ ആശയക്കുഴപ്പമൊഴിവാക്കാൻ അവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റിയേക്കും.

ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൽക്കട്ട, അലഹബാദ് ഹൈക്കോടതികൾ ഇത്തരം കേസുകൾ ഇപ്പോൾ പരിഗണിച്ചുവരുന്നുണ്ട്. സദുദ്ദേശ്യത്തോടെയാണ് ഹൈക്കോടതികൾ അവരുടെ അധികാരം ഉപയോഗിക്കുന്നതെങ്കിലും അത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ആശുപത്രികൾക്ക് ഓക്സിജൻ എത്തിക്കാത്ത വിഷയത്തിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

ഹൈക്കോടതികളിലെ കേസുകളിൽ കേന്ദ്രം മറുപടി നൽകേണ്ടതുണ്ടോയെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. ഹൈക്കോടതികൾക്ക് മുൻപാകെ ദേശീയ പദ്ധതിയാണ് കേന്ദ്രം നൽകേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതികളിലുള്ള ചില വിഷയങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും ചീഫ് ജസ്റ്റിസ് സൂചന നൽകി.