ന്യൂഡൽഹി: സ്വന്തം മണ്ഡലമായ ഗുരുദാസ്‌പുരിലെ കാര്യങ്ങൾ നോക്കാൻ ‘പ്രതിനിധി’യെ നിയോഗിച്ച സണ്ണി ഡിയോൾ എം.പി.യുടെ നടപടിക്കെതിരേ കോൺഗ്രസ്. വോട്ടുചെയ്ത ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടാൻ സാധിക്കില്ലെങ്കിൽ എം.പി. രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ലോക്‌സഭയിൽ എം.പി.യുടെ അസാന്നിധ്യത്തിൽ ചുമതല വഹിക്കാൻ പ്രതിനിധിയെ നിയോഗിക്കാം. എന്നാൽ അതിനർഥം എല്ലാ ചുമതലകളും പ്രതിനിധിയെ ഏൽപ്പിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ എം.പി. അപ്രത്യക്ഷമാവണമെന്നല്ലെന്ന് കോൺഗ്രസ് നേതാവ് പി.എൻ. പുനിയ പറഞ്ഞു.

കോൺഗ്രസിന്റെ സുനിൽ ജാഖറിനെ തോൽപ്പിച്ചാണ് ഗുരുദാസ്‌പുരിൽ ഡിയോൾ എം.പി.യായത്. പിന്നാലെ ഗുർപ്രീത് സിങ് പർഹേരി തന്റെ പ്രതിനിധിയായി യോഗങ്ങളിൽ പങ്കെടുക്കുമെന്നും സുപ്രധാനവിഷയങ്ങൾ കൈകാര്യം ചെയ്യുമെന്നും കാട്ടി അദ്ദേഹം നോട്ടീസയച്ചു.

കോൺഗ്രസ് അനാവശ്യമായി വിവാദങ്ങളുണ്ടാക്കുകയാണെന്ന് ഡിയോൾ പ്രതികരിച്ചു. താൻ ഗുരുദാസ്‌പുരിനു പുറത്തായിരിക്കുമ്പോൾ കാര്യങ്ങൾ ശരിയായി മുന്നോട്ടുപോകുമെന്ന് ഉറപ്പാക്കാനാണ് പ്രതിനിധിയെ നിയോഗിച്ചതെന്നും വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sunny Deol, Congress