അയോധ്യ: സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിക്കായി അനുവദിക്കുന്ന അഞ്ചേക്കർ ഭൂമി സ്വീകരിക്കണോയെന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്. സ്ഥലം സ്വീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

സ്ഥലം സ്വീകരിക്കേണ്ടെന്നും സ്വീകരിക്കുകയാണെങ്കിൽ പള്ളിക്കുപകരം ക്രിയാത്മകമായ മറ്റെന്തെങ്കിലും നിർമാണമാണു നടത്തേണ്ടത് എന്നുമടക്കമുള്ള വിവിധ വീക്ഷണങ്ങൾ വഖഫ് ബോർഡംഗങ്ങൾക്കിടയിലുണ്ട്. അയോധ്യാകേസിലെ തുടർനടപടികളിൽ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡിന്റെ അഭിപ്രായങ്ങൾക്കു മുൻതൂക്കം നൽകുമെന്നും വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു. “കേസിൽ വ്യക്തിനിയമബോർഡ് കക്ഷിയല്ല. പക്ഷേ, രാജ്യത്തെ മുസ്‌ലിങ്ങളുടെ പരമോന്നതസംഘടനയെന്ന നിലയിൽ അവരുടെ അഭിപ്രായങ്ങൾ മാനിക്കേണ്ടതുണ്ട്” -അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച ഇക്കാര്യം ചർച്ചചെയ്യാൻ വ്യക്തിനിയമബോർഡു യോഗം ചേരാനിരിക്കേയാണ് ഫാറൂഖിയുടെ പരാമർശം. ഈ യോഗത്തിലെ തീരുമാനം നവംബർ 26-നുചേരുന്ന വഖഫ് ബോർഡ് യോഗം പരിഗണിക്കും.

സ്ഥലം സ്വീകരിക്കുന്ന കാര്യത്തിൽ മുസ്‌ലിം വ്യക്തിനിയമബോർഡിന്റെ അഭിപ്രായത്തിനു വളരെ പ്രാധാന്യമുണ്ടെന്ന് ബാബറി മസ്‌ജിദ് ആക്‌ഷൻ കമ്മിറ്റി കൺവീനറും മുതിർന്ന അഭിഭാഷകനുമായ സഫര്യാബ് ജീലാനി പറഞ്ഞു. ഇക്കാര്യത്തിൽ സുന്നി വഖഫ് ബോർഡിന്റെ അഭിപ്രായം വ്യത്യസ്തമായാലോ എന്ന ചോദ്യത്തിന്, അവർ മാത്രമല്ല കേസിലെ കക്ഷിയെന്നായിരുന്നു മറുപടി.

സ്ഥലം സ്വീകരിക്കരുതെന്ന് ജാമിയത്ത് ഉലമ

സുപ്രീംകോടതി പള്ളിക്കായി അനുവദിച്ച അഞ്ചേക്കർ സ്ഥലം സ്വീകരിക്കരുതെന്ന് ജാമിയത്ത് ഉലമ ഇ ഹിന്ദ് സുന്നി വഖഫ് ബോർഡിനോടാവശ്യപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിൽ അയോധ്യാകേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ മാനിക്കുന്നതായും സംഘടനയുടെ തലവൻ മൗലാന അർഷദ് മദനി വ്യക്തമാക്കി. എന്നാൽ, വിധി തങ്ങൾക്കു ‘മനസ്സിലാക്കാവുന്നതിന് അപ്പുറമാണെ’ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവിടെ പള്ളിയുണ്ടായിരുന്നെന്നും അതു ക്ഷേത്രം തകർത്തല്ല നിർമിച്ചതെന്നും സുപ്രീംകോടതി കണ്ടെത്തി. ഞങ്ങളെ സംബന്ധിച്ച് നമാസ് നടന്നാലും ഇല്ലെങ്കിലും അതു പള്ളിയാണ് -മദനി പറഞ്ഞു.

Content Highlights: Sunni Waqf Board taking legal opinion on whether to accept plot for mosque in Ayodhya