ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിനെതിരേ കുറ്റംചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുന്നത് ഡൽഹി കോടതി മൂന്നാമതും മാറ്റി.

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരസ്വഭാവമുള്ള വിഷയങ്ങൾ മാത്രമേ ജില്ലാ കോടതികൾ വെർച്വൽ ഹിയറിങ്ങിൽ പരിഗണിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ കേസ് ജൂലായ് 27-ലേക്ക് മാറ്റിയത്.

2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ ആഡംബര ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തരൂരിനെതിരേ ആത്മഹത്യപ്രേരണ, ഭർതൃപീഡനം എന്നിവയോ അല്ലാത്തപക്ഷം കൊലപാതകക്കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. തരൂരിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി സുനന്ദയ്ക്ക് മാനസികപീഡനം നേരിടേണ്ടിവന്നു. പൂർണ ആരോഗ്യവതിയായിരുന്ന സുനന്ദ വിഷം അകത്തുചെന്നാണ് മരിച്ചത്. സുനന്ദയുടെ വായിലൂടെയാണ് വിഷം അകത്തുചെന്നതെങ്കിലും അത് കുത്തിവെച്ചതാകാനുള്ള സാധ്യത മെഡിക്കൽ വിദഗ്ധർ തള്ളിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നാണ് തരൂർ ആവശ്യപ്പെട്ടത്. മരണകാരണം സംബന്ധിച്ച് ഒട്ടേറെ വിദഗ്ധറിപ്പോർട്ടുകൾ വന്നിട്ടും യഥാർഥ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥാപിക്കാൻ വിദഗ്ധർക്ക് സാധിച്ചിട്ടില്ലെന്നും തരൂർ വാദിച്ചു.

content highlights: sunanda pushkar death case shashi tharoor