ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിലെ മുറി തുറന്നുകൊടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം. ഡല്‍ഹി പാട്യാല കോടതിയുടേതാണ് ഉത്തരവ്. അതേസമയം മുറിയില്‍നിന്ന് അന്വേഷണത്തിന് സഹായകമായ വസ്തുക്കള്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ 345-ാം മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി അന്ന് പോലീസ് സീല്‍ ചെയ്ത മുറി പിന്നീടിതുവരെ തുറന്നുകൊടുത്തിട്ടില്ല. മുറി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് ഹര്‍ജി നല്‍കിയിരുന്നു.

അന്വേഷണത്തിന്റെപേരില്‍ ആഡംബര ഹോട്ടലിന്റെ മുറി തുറക്കാതിരിക്കുന്ന പോലീസിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഒരു കൊലപാതകം നടന്ന വീട് അന്വേഷണത്തിന്റെപേരില്‍ അനിശ്ചിതകാലം അടച്ചിടുമോയെന്നു ചോദിച്ച കോടതി, ഹോട്ടിലിനുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ആരു നികത്തുമെന്നും പോലീസിനോട് ചോദിച്ചു. സെപ്റ്റംബര്‍ 26-നകം മുറി തുറക്കാനാണ് കോടതിനിര്‍ദേശം.