ന്യൂഡൽഹി: തന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എയിംസിലെ ഫൊറൻസിക് വകുപ്പ് മുൻ മേധാവി സുധീർ ഗുപ്ത മറച്ചുവെക്കുന്നതായി ശശി തരൂർ എം.പി. കോടതിയിൽ ആരോപിച്ചു.

വിരമിച്ചുകഴിഞ്ഞിട്ടും ഗുപ്ത റിപ്പോർട്ടിന്റെ യഥാർഥ കോപ്പി കൈവശം വെച്ചിരിക്കുകയാണെന്ന് തരൂർ പറഞ്ഞു. മാധ്യമങ്ങൾക്കുമുന്നിൽ ഗുപ്ത അത് കാണിക്കുന്നുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രേഖകൾ നൽകണമെന്ന തരൂരിന്റെ അപേക്ഷയിൻമേലുള്ള വാദമാണ് പ്രത്യേക ജഡ്ജി അരുൺ ഭരദ്വാജിന് മുമ്പാകെ നടന്നത്. ഫൊറൻസിക് മേധാവിസ്ഥാനത്തുനിന്ന്‌ വിരമിച്ച ഗുപ്തയ്ക്ക് റിപ്പോർട്ട് കൈവശം വെക്കാൻ അധികാരമില്ലെന്ന് തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്‌വ വാദിച്ചു.

തരൂരിന് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് വ്യാഴാഴ്ച കോടതി ഇളവനുവദിച്ചു. എന്നാൽ, ഡൽഹി പോലീസിനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ഇതിനെ എതിർത്തു. എട്ട് മാസത്തിനിടെ 26 തവണ കേസ് മാറ്റിവെക്കേണ്ടി വന്നതായി ശ്രീവാസ്തവ പറഞ്ഞു. കേസിൽ തുടർവാദം കോടതി ഈമാസം 15-ലേക്ക് മാറ്റി.

2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റമാണ് കോൺഗ്രസ് നേതാവായ തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.

content highlights: Sunanda death case: shashi tharoor against forensic expert