തൃശ്ശൂർ: കുട്ടിയായിരുന്നപ്പോൾ ആകാശത്തിനപ്പുറമെന്തെന്നായിരുന്നു സുജയിന്റെ ചിന്ത. ഇപ്പോൾ വിദേശരാജ്യങ്ങളിലടക്കം ബഹിരാകാശത്തെ കുറിച്ച് പ്രചാരണം നൽകാൻ , സന്നദ്ധ സംഘടനയുമായി സുജയ് ഉണ്ട്. സ്പേസിനെ കുറിച്ചുള്ള ഇടപെടലുകൾക്ക് അന്താരാഷ്ട്ര മാഗസിനായ ജിയോ സ്പേഷ്യൽ ലോകത്ത് തിരഞ്ഞെടുത്ത 50 പ്രതിഭകളിൽ ഒരാളാണ് ഇരിങ്ങാലക്കുട അരിമ്പ്ര വീട്ടിൽ സുജയ് ശ്രീധർ. രാജ്യത്ത് മൂന്നു പേരിൽ ഒരാൾ.

കേരളത്തിൽനിന്നുള്ള ഏക വ്യക്തിയും. എയ്‌റോ സ്‌പേസ് എൻജിനീയറിങിൽ ഡിപ്ലോമക്കാരനായ സുജയ്, ബഹിരാകാശ അറിവുകളിൽ ബഹുദൂരം മുന്നിലാണ്. സ്‌പേസ് അറിവുകൾ തേടിയുള്ള യാത്രയിൽ പരിചയപ്പെട്ട നികിത ജീവിത സഖിയായി കൂട്ടിനുണ്ട്. ​െബംഗ്‌ളൂരു സ്വദേശിയായ നികിത എയ്‌റോ സ്‌പേസ് എൻജിനീയറിങിൽ ബി.ടെക് ബിരുദധാരിയാണ്.

‘വരുന്നത് സ്പേസിന്റെ കാലം’

റോക്കറ്റ്, ഉപഗ്രഹം, വിവിധ ഗ്രഹ ദൗത്യങ്ങൾ എന്നതിനപ്പുറത്തേക്ക് വിദ്യാർഥികൾക്ക് അറിവ് കുറവാണെന്ന നിരീക്ഷണമാണ് സുജയിനെ സൊസൈറ്റി ഫോർ സ്‌പേസ് എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എന്ന സന്നദ്ധ സംഘടനക്ക് രൂപം കൊടുക്കാൻ പ്രേരിപ്പിച്ചത്. 10 വർഷം കഴിയുമ്പോൾ ഐ.ടി.ക്ക് ഉള്ള സ്ഥാനത്തിന് തുല്യമായിരിക്കും സ്‌പേസിനെന്ന് സുജയ്. തൊഴിലവസരങ്ങളും സ്വകാര്യനിക്ഷേപവും വരും. സ്പേസ് ആർക്കിടെക്ചർ, അസ്‌ട്രോ ബയോളജി, അസ്‌ട്രോ കെമിസ്ട്രി, സ്പേസ് ടൂറിസം, സ്പേസ് മൈനിങ് തുടങ്ങിയ മേഖലകളിലാണ് സാധ്യത.

സംഘടനയ്ക്ക് രാജ്യത്തിനകത്തും പുറത്തും വൊളന്റിയർമാരുണ്ട്. 2015-ൽ പ്രവർത്തനം തുടങ്ങിയ ശേഷം അര ലക്ഷത്തോളം വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകി.

നാസയിലെ സ്‌പേസ് എൻജിനീയർ ഗബ്രിയേലിനെ കേരളത്തിൽ വിവിധ കോളേജുകളിൽ കൊണ്ടുവന്നത് സുജയ് ആണ്.

സുജയ്

ഇരിങ്ങാലക്കുട അരിമ്പ്രയിൽ റിട്ട . ജില്ലാ ബാങ്ക് ഉദ്യോഗസ്ഥൻ ജയന്റെയും ഇരിങ്ങാലക്കുട സഹകരണ ബാങ്ക് ഉദ്യോഗസ്ഥ സുധയുടേയും മൂത്ത മകൻ. ഇരിങ്ങാലക്കുട സെന്റ്‌മേരീസ് സ്കൂളിൽനിന്ന് പ്ലസ്ടു കഴിഞ്ഞ ശേഷം കൊച്ചിയിലെ ഷാ ഷിപ്പ് എവിയേഷനിൽ നിന്ന് എയ്‌റോ സ്‌പേസിൽനിന്ന് ഡിപ്ലോമ. സ്പേസ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനി െബംഗ്‌ളൂരുവിൽ നടത്തുന്നു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമയുമായി അടുത്ത ബന്ധമാണ് സുജയിന്.

നികിത

ബെംഗ്‌ളൂരു സ്വദേശി നികിതയുടെയും സുജയിന്റെയും വിവാഹം രണ്ടാഴ്ച മുമ്പായിരുന്നു. ഫ്രാൻസിലെ ഇന്റർനാഷണൽ സ്പേസ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റഡി പ്രോഗ്രാം ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.