ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങാക്കണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസാണ് സമിതിയെ നിയോഗിച്ചത്.

ഏക്കറിന് 10,000 രൂപ നിരക്കില്‍ പരമാവധി പത്തേക്കറിനുവരെ സബ്‌സിഡി നല്‍കണം. കാര്‍ഷിക കാര്യക്ഷമതയും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് സബ്‌സിഡി. വിത്ത്, വളം, അനുബന്ധസാധനങ്ങള്‍ എന്നിവ വാങ്ങാനും വിള ഇന്‍ഷുറന്‍സിനും മറ്റുമായി ഏക്കറിന് 6000 രൂപയാണ് സബ്‌സിഡി. ഇതിനുപുറമേ കാര്‍ബണിന്റെ അളവുകുറയ്ക്കാനും കാര്യക്ഷമമായ വിളപരിപാലനരീതികള്‍ നടപ്പാക്കാനുമായി 4000 രൂപയും നല്‍കണം. ഇതുവഴി കര്‍ഷകന് വര്‍ഷം ഒരേക്കറിന് മൊത്തം 10,000 രൂപ സബ്‌സിഡിയായി ലഭിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷം മൂന്നരലക്ഷം കോടി രൂപ നീക്കിവെക്കണം. സബ്സിഡി സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ചുരുങ്ങിയ താങ്ങുവില

കൂടുതല്‍ വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണം. താങ്ങുവില യഥാസമയം പുനഃപരിശോധിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിക്കണം. എല്ലാവിളകള്‍ക്കും ‘സി-രണ്ട്’ മാനദണ്ഡമനുസരിച്ച് ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണം. കൃഷിഭൂമിയുടെ വാടകയും അദൃശ്യചെലവും ഉള്‍പ്പെടെ കണക്കാക്കിയാണ് സി-രണ്ടില്‍ ഉത്പാദനച്ചെലവ് നിശ്ചയിക്കുന്നത്. വിളസംഭരണത്തില്‍ സംസ്ഥാന ഏജന്‍സികളെയും ഉള്‍പ്പെടുത്തണം. ചില സംസ്ഥാനങ്ങള്‍ കമ്പോളനികുതി 14 ശതമാനംവരെ ഈടാക്കുന്നുണ്ട്. ഇത് രാജ്യത്താകമാനം 6-8 ശതമാനമായി ഏകീകരിക്കണം. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കുന്ന എല്ലാനിയമങ്ങളും ഉന്നതതലസമിതി പുനഃപരിശോധന നടത്തണം.

കുറഞ്ഞ പലിശയ്ക്കുള്ള വായ്പ അഞ്ചുലക്ഷമാക്കണം

കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ നടപ്പാക്കിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കേവലം 6.9 കോടി കര്‍ഷകര്‍മാത്രമാണ് അംഗങ്ങളായിരിക്കുന്നത്. പദ്ധതിയില്‍ കുറഞ്ഞ പലിശയ്ക്ക് (നാലുശതമാനം) ലഭിക്കുന്ന വായ്പയുടെ പരിധി മൂന്നുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തണം. മൂന്നുവര്‍ഷം കൂടുമ്പോൾ വായ്പാപരിധി പരിഷ്കരിക്കണം. കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ എ.ടി.എം. മാതൃകയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കണം. ഒരേക്കര്‍വരെ സ്ഥലമുള്ള കര്‍ഷകര്‍ക്ക് മുദ്രപദ്ധതിപോലുള്ള ഹ്രസ്വകാല വായ്പകള്‍ നല്‍കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാസൊസൈറ്റികള്‍ നടപടി സ്വീകരിക്കണം.

എംബസികളില്‍ കാര്‍ഷിക ഉപദേശകന്‍

കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി 2022-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ കയറ്റുമതിക്കുള്ള നിയന്ത്രണംനീക്കണം. രാജ്യത്ത് ഏതെങ്കിലും ഉത്പന്നത്തിന്‌ ക്ഷാമമുണ്ടാകുകയാണെങ്കില്‍മാത്രം ആ ഉത്പന്നത്തിന്റെ കയറ്റുമതിക്ക് നിയന്ത്രണമാകാം. ഇന്ത്യയില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ തയ്യാറുള്ള രാജ്യങ്ങളിലെ എംബസികളില്‍ കാര്‍ഷിക ഉപദേശകന്റെ പുതിയ തസ്തിക സൃഷ്ടിക്കണം.

ആര്‍.സി.ഇ.പി. കരാര്‍ ദോഷമാകും

പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം. ഇറക്കുമതി വര്‍ധിക്കുന്നത് രാജ്യത്തെ കര്‍ഷകരെ ബാധിക്കും. വിലയിടിയും. അതിനാല്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തണം. ആര്‍.സി.ഇ.പി. (റീജണല്‍ കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) കരാറിലെ വ്യവസ്ഥകള്‍ രാജ്യത്തെ ക്ഷീരകര്‍ഷകരെ ബാധിക്കും. ഭാവിയിലുണ്ടാകുന്ന വ്യാപാരക്കരാറുകളില്‍നിന്ന് പാല്‍, ഭക്ഷ്യ എണ്ണ ഉത്പന്നങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം.

കാര്‍ഷികോത്പന്നങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിസാധ്യത കണക്കിലെടുത്ത് ഈ ഉത്പന്നങ്ങളുടെ ജി.എസ്.ടി. നിരക്ക് അഞ്ചുശതമാനമായി നിലനിര്‍ത്തണം. കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 15 ശതമാനത്തില്‍ കൂടാന്‍പാടില്ല -റിപ്പോർട്ടിൽ പറയുന്നു.