ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റ് നാശംവിതച്ച ഗുജറാത്ത് സർക്കാരിന് 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിനും മഹാരാഷ്ട്രയ്ക്കുംകൂടി അടിയന്തരസഹായം നൽകണമെന്ന് ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. ബുധനാഴ്ച ഗുജറാത്തിലും കേന്ദ്രഭരണപ്രദേശമായ ദിയുവിലും വ്യോമനിരീക്ഷണം നടത്തിയതിനുപിന്നാലെയാണ് മോദി സഹായം അനുവദിച്ചത്.

കേരളത്തിലും മഹാരാഷ്ട്രയിലും കാര്യമായ നാശനഷ്ടങ്ങളുണ്ട്. പ്രധാനമന്ത്രിക്ക്‌ സന്ദർശനംനടത്താൻ സാധിച്ചില്ലെങ്കിലും ഈ സംസ്ഥാനങ്ങൾക്ക് ന്യായമായി കൂടുതൽ തുക അനുവദിക്കണം -സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ ആവശ്യപ്പെട്ടു. സ്വന്തം സംസ്ഥാനത്തിന് അടിയന്തരമായി സഹായംനൽകിയ പ്രധാനമന്ത്രിയുടെ നടപടിയെയാണ് സ്വാമി പരിഹസിച്ചത്.