മുംബൈ: റഷ്യയിൽനിന്ന്‌ നവീകരിച്ച് തിരിച്ചെത്തിച്ച, ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലിന് തീപിടിച്ചതായി റിപ്പോർട്ട്. ഐ.എൻ.എസ്. സിന്ധുകേസരിയിൽ കഴിഞ്ഞ മാർച്ചിലാണ്‌ സംഭവം. ആളപായമില്ല.

മുംബൈ ഷിപ്പ്‌ യാർഡിൽവെച്ച് കപ്പലിൽ പെരിസ്കോപ്പ്(മുങ്ങിക്കപ്പലിൽനിന്ന്‌ ജലോപരിതലക്കാഴ്ചകൾ കാണാനുള്ള ഉപകരണം) ഘടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ തീപ്പിടിത്തമുണ്ടായത്. 1197 കോടി രൂപ മുടക്കി റഷ്യയിൽവെച്ച് കപ്പൽ നവീകരിച്ച് തിരിച്ചെത്തിച്ചത് ഫെബ്രുവരിയിലാണ്. നാശനഷ്ടങ്ങൾ സംഭവിച്ച ഭാഗങ്ങൾമാറ്റി പുതുക്കിയശേഷം കപ്പൽ വീണ്ടും നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണു നാവികസേനയും റഷ്യയിൽനിന്നെത്തിയ വിദഗ്ധസംഘവും ഇപ്പോൾ.

കപ്പലിന്റെ കൺട്രോൾ റൂമിലെ പ്രധാന ഉപകരണങ്ങൾ പുകയും കരിയുംപിടിച്ച് നശിച്ചു എന്നാണു വിവരം. അതിനാൽ ഇവ മാറ്റിസ്ഥാപിക്കേണ്ട അവസ്ഥയാണ്. കപ്പൽ വീണ്ടും വെള്ളത്തിലിറക്കാൻ ചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവരുമെന്നാണ് നാവികസേനാ വൃത്തങ്ങൾ പറയുന്നത്. കാലാവധിതീർന്ന കപ്പൽ പത്തുകൊല്ലംകൂടി ഉപയോഗിക്കാൻപാകത്തിലുള്ള നവീകരണമാണ്‌ റഷ്യയിൽ നടത്തിയത്.

ആറുവർഷംമുമ്പ് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ ശേഖരിച്ചുവെക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഐ.എൻ.എസ്. സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പൽ നശിച്ചുപോയിരുന്നു. തൊട്ടടുത്ത വർഷം ഐ.എൻ.എസ്. സിന്ധുരത്നയിൽ തീപിടിച്ച് രണ്ടുപേർ മരിക്കുകയുണ്ടായി. നിലവിൽ നാവികസേനയിൽ ഐ.എൻ.എസ്. സിന്ധുഘോഷ് വിഭാഗത്തിലുള്ള ഒമ്പത് മുങ്ങിക്കപ്പലുകളാണുള്ളത്. ഇതിൽ നാലുകപ്പലുകൾ നവീകരിച്ച് പത്തുവർഷത്തേക്കുകൂടി ഉപയോഗയോഗ്യമാക്കാൻ ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.

Content Highlights: Submarine, Indian Navy