ന്യൂഡൽഹി: ഓൺലൈൻ ബിരുദദാനച്ചടങ്ങിനിടെ ഡൽഹി മുഖ്യമന്ത്രിയെ വിമർശിച്ചതിന് അംബേദ്കർ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിക്ക് 5000 രൂപ പിഴയിട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവു പുലർത്തുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തിയെന്നാണ് സർവകലാശാല കണ്ടെത്തിയ കുറ്റം. ഡൽഹി സർക്കാരിനു കീഴിലുള്ളതാണ് ഈ സർവകലാശാല.

അവതരണ പഠനവിഭാഗം എം.എ. വിദ്യാർഥിനി നേഹയാണ് കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ ബിരുദദാനച്ചടങ്ങിനിടെ മുഖ്യമന്ത്രിയെ വിമർശിച്ചത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് നേഹ. സംവരണനയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ അവർ സംസാരിച്ചു. വിദ്യാർഥികളെക്കുറിച്ച് മുഖ്യമന്ത്രിക്കു ശ്രദ്ധയില്ലെന്നും കുറ്റപ്പെടുത്തി.

യുട്യൂബിൽ നേഹയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടതായി പ്രോക്ടർ കാരണംകാണിക്കൽ നോട്ടീസിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച സമിതി റിപ്പോർട്ടു നൽകിയിരുന്നു. പരാമർശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്താൻ തയ്യാറായില്ല. ഫൈനൽ പരീക്ഷ എഴുതണമെങ്കിൽ നേഹ 5000 രൂപ പിഴയടയ്ക്കണമെന്നാണ് ശിക്ഷാനടപടി.

സർവകലാശാലയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് നേഹ പ്രതികരിച്ചു. പ്രതിഷേധിച്ചവരിൽ താൻ മാത്രമല്ല, 12 പേരെങ്കിലുമുണ്ട്. അവർക്കൊന്നും നോട്ടീസ് നൽകാതെ തന്നെ മാത്രം ഒറ്റപ്പെടുത്തിയാണ് നടപടിയെന്നും നേഹ പരാതിപ്പെട്ടു. നടപടി ചോദ്യംചെയ്ത് ഓൺലൈൻ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് ഐസ ഉൾപ്പെടെയുള്ള വിദ്യാർഥിസംഘടനകൾ.

content highlights: student fined for criticising cm arvind kejriwal