ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്ക് ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്‍ ശുപാര്‍ശചെയ്ത നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

മനുഷ്യരെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ മൃഗങ്ങള്‍ക്കില്ലെങ്കിലും നിയമങ്ങള്‍ പാലിച്ചുകൊണ്ടുവേണം തെരുവുനായ്ക്കളെ കൈകാര്യംചെയ്യാനെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. തെരുവുനായ്ക്കള്‍ക്ക് അഭയകേന്ദ്രമുണ്ടാക്കുന്നതിനെക്കുറിച്ച് നാലാഴ്ചയ്ക്കകം മറുപടിനല്‍കാനും കോടതി സംസ്ഥാനത്തോടാവശ്യപ്പെട്ടു.

നായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്റെ മൂന്നാമത്തെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചുകഴിഞ്ഞു. നാനൂറിലേറെ പരാതികള്‍ ലഭിച്ചതില്‍ 24 എണ്ണത്തിലായി ഏതാണ്ട് 33,37,000 രൂപയാണ് കമ്മിഷന്‍ ശുപാര്‍ശചെയ്തത്. മൂന്നാമത്തെ റിപ്പോര്‍ട്ടിന്റെ അടുത്ത രണ്ടു ഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് നഷ്ടപരിഹാരത്തിന് ശുപാര്‍ശയുണ്ട്. ഇത് കോടതി പിന്നീട് പരിഗണിക്കും.

തെരുവുനായ്ക്കളെ മൊത്തമായി കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാനവകാശമുണ്ടെന്നും സുപ്രീംകോടതി ജനുവരി 16-ന് നിരീക്ഷിച്ചിരുന്നു. മറ്റുവഴികളൊന്നുമില്ലെങ്കില്‍ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കൊല്ലുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെയും മുംബൈയിലെയും തെരുവുനായപ്രശ്‌നവുമായി ബന്ധപ്പെട്ട ഒട്ടേറെ ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളത്. സംസ്ഥാനത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി. കേസ് ജൂലായ് രണ്ടാം വാരത്തിലേക്കു മാറ്റി.