മുംബൈ: എല്ലാ പ്രശ്നങ്ങൾക്കുംകാരണം പഴയ സർക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. അഞ്ചരവർഷമായി ഭരണത്തിലിരുന്നിട്ടും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് അതിനു കഴിഞ്ഞിട്ടില്ല. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞു. ചില പിഴവുകളുണ്ട്. അഞ്ചരവർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ഇത്രയുംസമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങൾ മുഴുവൻ യു.പി.എ.യുടെ തലയിൽ ചുമത്തുന്നതിൽ അർഥമില്ലെന്നും മൻമോഹൻ പറഞ്ഞു.

മൻമോഹൻസിങ് പ്രധാനമന്ത്രിയും രഘുറാംരാജൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന കാലഘട്ടമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവുംമോശം കാലഘട്ടമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം എന്താണ് യഥാർഥപ്രശ്നങ്ങളെന്നും അതിന് കാരണങ്ങളെന്തെന്നും കണ്ടെത്തണം. ഇതു കണ്ടെത്തി അംഗീകരിക്കാതെ പരിഹാരമുണ്ടാക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസ് സംഘടിപ്പിച്ച് ‘വേഡ്‌സ് ഓഫ് വിസ്ഡം ഓൺ ഇന്ത്യൻ എക്കോണമി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം.സി. ബാങ്ക് പ്രശ്‌നം

വായ്പാതിരിമറിയെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ(പി.എം.സി.) ബാങ്കിലെ നിക്ഷേപകരെ മുംബൈയിൽ മൻമോഹൻസിങ് കണ്ടു. ദൗർഭാഗ്യകരമായ സംഭവമാണിതെന്നും 16 ലക്ഷത്തോളംവരുന്ന നിക്ഷേപകർക്ക് ആശ്വാസം പകരാൻ ആർ.ബി.ഐ.യും കേന്ദ്ര-സംസ്ഥാന സർക്കാരുകളുംചേർന്ന് പ്രശ്നം എത്രയുംപെട്ടെന്ന് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നവംബർ പകുതിയോടെ ശീതകാലസമ്മേളനത്തിന് പാർലമെന്റ് ചേരുമ്പോൾ ഇക്കാര്യം സഭയിൽ ഉന്നയിക്കുമെന്ന് നിക്ഷേപകർക്ക് അദ്ദേഹം ഉറപ്പുനൽകി.

വേണ്ടത് പരിഹാരം

കേന്ദ്രസർക്കാർ വാർത്തകളുടെ തലക്കെട്ടുകൾ ഉണ്ടാക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണാൻ തയ്യാറാകുന്നില്ല. 2024-ഓടെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥായായി ഇന്ത്യയെ മാറ്റണമെങ്കിൽ 10 മുതൽ 12 വരെ ശതമാനം വളർച്ച ഉണ്ടാകണം. ബി.ജെ.പി. നേതൃത്വത്തിൽ രാജ്യത്തെ വളർച്ചാനിരക്ക് കുറഞ്ഞുവരികയാണ്. ഐ.എം.എഫിന്റെ പുതിയ കണക്കുപ്രകാരം വളർച്ച 6.1 ശതമാനം മാത്രമാണുള്ളത്. ഈ സ്ഥിതിയിൽ ലക്ഷ്യം കൈവരിക്കുക ബുദ്ധിമുട്ടാണ്. രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുംമറ്റുമുള്ള വാഗ്ദാനങ്ങളുടെയുംസ്ഥിതി വ്യത്യസ്തമല്ല. നഗരമേഖലയിൽ മൂന്നിലൊരാൾക്ക് ജോലിയില്ല. യുവാക്കൾക്ക് വരുമാനംകുറഞ്ഞ ജോലികളാണ് കൂടുതലും ലഭിക്കുന്നത്. സമ്പദ്‌വ്യവസ്ഥ വികസിക്കാതെ മറ്റു പോംവഴികളില്ല. കേന്ദ്രസർക്കാർ മികച്ചനയങ്ങളും പദ്ധതികളും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ് നികുതി കുറച്ചതിനെ അനുകൂലിക്കുന്നു. ആവശ്യം കുറയുന്നതാണ് യഥാർഥപ്രശ്നം. അതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിന് പരോക്ഷനികുതി കുറയ്ക്കുകയാണ് ശരിയായ മാർഗം. നിലവിലെ സാമ്പത്തിക വളർച്ചാമുരടിപ്പ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് സാമ്പത്തികതലസ്ഥാനം സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയെ ആണെന്നും അദ്ദേഹം പറഞ്ഞു. കർഷക ആത്മഹത്യകൾ ഏറ്റവുംകൂടുതൽ മഹാരാഷ്ട്രയിലാണ്. കേന്ദ്രസർക്കാരിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങൾ കർഷകരെ ബാധിച്ചതായും മൻമോഹൻസിങ് പറഞ്ഞു.

Content Highlight: stop blaming my govt: Manmohan to NDA