ന്യുഡല്‍ഹി: രാജ്യത്ത് സാമൂഹികപരിഷ്‌കാര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ക്കല്‍ വ്യാപകമായതോടെ ശക്തമായ നടപടിക്കു നിര്‍ദേശംനല്‍കി കേന്ദ്രം. പ്രതിമതകര്‍ക്കലിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രിയും ബി.ജെ.പി. അധ്യക്ഷനും രംഗത്തെത്തിയതിനു പിന്നാലെയാണിത്.

ഇത്തരം സംഭവങ്ങള്‍ക്ക് അതതിടത്തെ കളക്ടര്‍മാരും എസ്.പി.മാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കര്‍ശന നടപടികളെ!ടുക്കണമെന്ന് തുടര്‍ച്ചയായി രണ്ടാം ദിവസവും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന സംഭവങ്ങളുണ്ടായത്.

ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ നവോത്ഥാന നായകന്‍ പെരിയാറിന്റെ പ്രതിമയും ബുധനാഴ്ച ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറിന്റെയും പ്രതിമകള്‍ തകര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ക്രമസമാധാനപ്രശ്‌നങ്ങളായി വളര്‍ന്നതോടെയാണ് കേന്ദ്രം ഇടപെട്ടത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ച പ്രധാനമന്ത്രി ശക്തമായ നടപടിക്കു നിര്‍ദേശം നല്‍കി.

ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങള്‍ക്കുപിന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.