ന്യൂഡൽഹി: സംവരണാനുകൂല്യത്തിന് അർഹരായ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കുന്നു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നകാര്യം പരിഗണനയിലാണെന്ന് സാമൂഹികക്ഷേമ മന്ത്രി തവർചന്ദ് ഗഹ്‌ലോത് പറഞ്ഞു. നിയമമന്ത്രാലയത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും തീരുമാനം.

ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകിക്കൊണ്ട് 2018-ൽ ഭരണഘടന ഭേദഗതി ചെയ്തതിന് (102-ാം ഭേദഗതി) തുടർച്ചയായിട്ടാണ് സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടത്. സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാവുമെന്ന് പ്രതിപക്ഷപാർട്ടികൾ ആ ഘട്ടത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ലെന്ന നിലപാടാണ് കേന്ദ്രം അപ്പോൾ സ്വീകരിച്ചത്.

മഹാരാഷ്ട്ര സർക്കാർ മറാത്ത സംവരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ കമ്മിഷന്റെ ഭരണഘടനാ പദവി സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ കമ്മിഷനും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് രാഷ്ട്രപതിയുമാണെന്ന വാദമാണ് കോടതി ശരിവെച്ചത്. മേയ് അഞ്ചിന് പുറപ്പെടുവിച്ച ഈ വിധിക്കെതിരേ കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതോടെ ഇനി വീണ്ടും ഭരണഘടനാ ഭേദഗതിയല്ലാതെ വേറെ പോംവഴി കേന്ദ്രത്തിനു മുന്നിലില്ലാത്ത അവസ്ഥയായി.

സംവരണവുമായി ബന്ധപ്പെട്ട 324 വകുപ്പിൽ, 324-എ കൂട്ടിച്ചേർത്താണ് 2018-ൽ ദേശീയ കമ്മിഷന് ഭരണഘടനാ പദവി നൽകിയത്. അതേവകുപ്പിൽ അനുബന്ധമായി ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതിയായിരിക്കും വീണ്ടും കൊണ്ടുവരിക. ദേശീയ കമ്മിഷന് ഭരണഘടനാ പദവി ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടില്ലെന്ന് പുതിയ ഭേദഗതിയിൽ വിശദീകരിക്കും.

 

Content Highlights:States again have the power to determine the reservation categories