ന്യൂഡല്‍ഹി: ഖാദി രാജ്യത്ത് കോടിക്കണക്കിനാളുകള്‍ക്ക് തൊഴിലവസരം നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തിലാണ് ഖാദി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞത്.

ഇന്ത്യയുടെ സ്വാതന്ത്ര്യം ഖാദിയിലാണെന്ന് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരുന്നു. ഖാദിയുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍വകുപ്പുകളില്‍നിന്ന് ഖാദിക്കായുള്ള ആവശ്യം പൂര്‍ത്തീകരിക്കാനായി 18 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും മോദി പറഞ്ഞു. ഒരു സെറ്റ് ഖാദിവസ്ത്രമെങ്കിലും വസ്ത്രശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ജനവരി 16ന് തുടക്കംകുറിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പദ്ധതി യുവാക്കളുടെ ഇടയില്‍ നവോന്മേഷം ഉണ്ടാക്കിയിട്ടുള്ളതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഐ.ടി മേഖലയില്‍മാത്രം പരിമിതമാണെന്ന തെറ്റായ ധാരണ തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. കാര്‍ഷികമേഖലയുള്‍പ്പെടെ എല്ലാ മേഖലകളിലും നിരവധി സാധ്യതകള്‍ തുറക്കുന്നതാണ് പദ്ധതി എന്ന് വ്യക്തമായിട്ടുണ്ട്.

അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രണ്ടുവര്‍ഷത്തിനകം രാജ്യത്തെ 50 ശതമാനം കര്‍ഷകരെങ്കിലും പദ്ധതിയില്‍ അംഗങ്ങളാകണം. പ്രകൃതിദുരന്തങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ഒരുവര്‍ഷത്തെ പ്രയത്‌നം വൃഥാവിലായിപ്പോകുന്ന സാഹചര്യങ്ങളുണ്ട്. ഇതിന് ഒരേയൊരു പരിഹാരമേ മനസ്സില്‍ വരുന്നുള്ളു. അത് വിള ഇന്‍ഷുറന്‍സാണ് -പ്രധാനമന്ത്രി പറഞ്ഞു.