ചെന്നൈ : തമിഴ്‌നാട് നിയമസഭയില്‍ എം.കെ. സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും. ചൊവ്വാഴ്ച ചെന്നൈയില്‍ ഡി.എം.കെ. ആസ്ഥാനത്ത് ചേര്‍ന്ന എം.എ.ല്‍.എ.മാരുടെ യോഗം സ്റ്റാലിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു.

234 അംഗ നിയമസഭയില്‍ 89 എം.എല്‍.എമാരുള്ള ഡി.എം.കെ.യാണ് മുഖ്യ പ്രതിപക്ഷ കക്ഷി. ചൊവ്വാഴ്ച അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനും പങ്കെടുത്തു.

2011- ല്‍ ഡി.എം.കെ. നിയമസഭാകക്ഷി നേതാവായിരുന്നെങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷിയല്ലാതിരുന്നതിനാല്‍ സ്റ്റാലിന് പ്രതിപക്ഷ നേതാവാകാന്‍ കഴിഞ്ഞില്ല. ഡി.എം.കെ.യ്ക്ക് 23 അംഗങ്ങളാണുണ്ടായിരുന്നത്. 29 സീറ്റുണ്ടായിരുന്ന ഡി.എം.ഡി.കെ. നേതാവ് വിജയകാന്തായിരുന്നു പ്രതിപക്ഷനേതാവ്.

ഇത്തവണ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് 37,730 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് സ്റ്റാലിന്‍ ജയിച്ചുകയറിയത്.
ദുരൈ മുരുകനാണ് ഡി.എം.കെ. നിയമസഭാകക്ഷി ഉപനേതാവ്. വെല്ലൂര്‍ ജില്ലയിലെ കാട്പാടിയില്‍നിന്നാണ് ദുരൈ മുരുകന്‍ നിയമസഭയിലെത്തിയത്.

ദിണ്ഡിഗല്‍ ജില്ലയിലെ ഒട്ടന്‍ചത്തിരത്തില്‍നിന്ന് വിജയിച്ച ചക്രപാണിയാണ് പാര്‍ട്ടി വിപ്പ്. തിരുവണ്ണാമലയിലെ കീഴ്‌പെണത്തൂരില്‍നിന്ന് ജയിച്ച കെ. സെല്‍വമുത്തുവിനെ ഡെപ്യൂട്ടി വിപ്പായും തിരഞ്ഞെടുത്തു.